ദിഗ (പശ്ചിമ ബംഗാള്‍): പശ്ചിമ ബംഗാളിലെ ദിഗയില്‍ സമാപിച്ച 2021 ദേശീയ ചെസ്സ് ബോക്‌സിങ് ഫെഡറേഷന്‍ കപ്പില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി കേരളം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ നവാഗതരായ കേരളം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

വിവിധ വിഭാഗങ്ങളിലായി 14 സ്വര്‍ണം, രണ്ട് വെള്ളി, ഏഴ് വെങ്കലം ഉള്‍പ്പെടെ 23 മെഡലുകള്‍ സ്വന്തമാക്കി 50 പോയന്റുകള്‍ സ്വന്തമാക്കിയായിരുന്നു കേരളത്തിന്റെ കുതിപ്പ്. മഹാരാഷ്ട്ര (40 പോയന്റ്), തമിഴ്‌നാട് (30) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കിയത്.

കേരളാ  ടീമിന്റെ  പ്രകടനത്തില്‍  കേരള ചെസ്സ് ബോക്‌സിങ് അസോസിയേഷന്‍ സെക്രട്ടറി ശ്രീ. ശന്തനു വിജയന്‍ തികഞ്ഞ സംതൃപ്തി പ്രകടിപ്പിച്ചു. കോവിഡ്  സമയത്തും എല്ലാ മാനണ്ഡങ്ങളും പാലിച്ചു കൊണ്ടുള്ള കൃത്യമായ  പരിശീലനമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് ഈ ഇനത്തില്‍ വലിയ സാധ്യതകളാണുള്ളത്. ഡിസംബറില്‍ ഇറ്റലിയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചെസ്സ് ബോക്‌സിങ് മത്സരത്തില്‍ വന്‍ നേട്ടം കൈവരിക്കാന്‍ കേരളത്തിലെ കുട്ടികള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ഹൈബ്രിഡ് സ്‌പോര്‍ട്‌സ് ഇനങ്ങളിലെ വ്യത്യസ്തമായ ഒരു ഇനമാണ് ചെസ്സ് ബോക്‌സിങ്. ശാന്തമായി തികഞ്ഞ ഏകാഗ്രതയോടെ കളിക്കേണ്ട ചെസ്സും  വേഗതയുടെയും  കരുത്തിന്റെയും പര്യായമായ ബോക്‌സിങ്ങും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു കായിക ഇനമാണിത്. അക്രമണോത്സുകതയുടെ വ്യത്യസ്ത  തലങ്ങളില്‍ നില്‍ക്കുന്ന രണ്ടു കായിക ഇനങ്ങള്‍ ഒന്നിച്ചുചേര്‍ക്കുകയാണ് ഇവിടെ ചെയ്യുന്നത്. മൂന്ന് മിനിറ്റ് വീതമുള്ള മൂന്ന് റൗണ്ട് ചെസ്സ് മത്സരങ്ങളും രണ്ടു റൗണ്ട് ബോക്‌സിങ് മത്സരങ്ങളും ചേര്‍ന്നതാണ് ഒരു റൗണ്ട്. ചെസ്സും ബോക്‌സിങ്ങും ഇടകലര്‍ന്ന് നടക്കുന്ന റൗണ്ടുകള്‍ക്കിടയില്‍ ഒരാള്‍ ചെക്ക്‌മേറ്റ്  ആകുകയോ റിങ്ങില്‍ നോക്കൗട്ട് ആകുകയോ ചെയ്യുമ്പോള്‍ മത്സരം അവസാനിക്കും.

Content Highlights: National Chess Boxing Federation Cup Kerala Overall Champions