മുംബൈ: കോലി ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍ മാത്രമല്ല, ഏറ്റവും മോശം സ്വഭാവമുള്ള കളിക്കാരന്‍ കൂടിയാണെന്ന് ഈ അടുത്ത് നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. 'ക്രിക്കറ്റില്‍ കോലി നേടിയതെല്ലാം താരത്തിന്റെ അഹങ്കാരത്തിനും മോശം പെരുമാറ്റത്തിലും മുങ്ങിപ്പോകുകയാണ്. എനിക്ക് രാജ്യം വിടാന്‍ ഉദ്ദേശ്യമില്ല' എന്നായിരുന്നു ഷായുടെ പോസ്റ്റ്. നേരത്തെ തനിക്കെതിരേ വിമര്‍ശം ഉന്നയിച്ച ക്രിക്കറ്റ് പ്രേമിയോട് രാജ്യം വിടാന്‍ പറഞ്ഞ കോലിയുടെ പ്രസ്താവനയെ പരിഹസിച്ചുകൂടിയാണ് ഷാ ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. 

ഇക്കാര്യത്തില്‍ വീണ്ടും തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നസീറുദ്ദീന്‍ ഷാ. ക്രിക്കറ്റ് താരമെന്ന നിലയില്‍ തനിക്ക് കോലിയോട് ആരാധനയാണെന്നും അതേസമയം കളിക്കളത്തില്‍ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് കോലി രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടതുണ്ടെന്നും നസീറുദ്ദീന്‍ ഷാ വ്യക്തമാക്കി. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാ.

'ഞാന്‍ കോലിയുടെ കളിയെ ആരാധിക്കുന്ന വ്യക്തിയാണ്. പക്ഷേ കോലിയുടെ കളിക്കളത്തിലെ പെരുമാറ്റത്തെ ആരാധിക്കുന്നില്ല. കളി സ്ലോ മോഷനില്‍ കണ്ടാല്‍ എന്താണ് പറയുന്നതെന്ന് ചുണ്ടില്‍ നിന്ന് വായിച്ചെടുക്കാന്‍ പറ്റുമെന്നും അതിന് സംസാരിക്കുന്നത് കേള്‍ക്കേണ്ട ആവശ്യമില്ലെന്നും കോലിയോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം. യുവതലമുറക്ക് ഏതുതരത്തിലുള്ള ഉദാഹരണമാണ് താന്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് കോലി ചിന്തിക്കണം. ഷാ വ്യക്തമാക്കുന്നു.

എം.എസ് ധോനി, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ തുടങ്ങിയ താരങ്ങള്‍ കളിക്കളത്തില്‍ കാണിച്ച മാന്യത നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് കോലിയോടും അങ്ങനെയൊരു മാന്യതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നത്. ഓസ്്‌ട്രേലിയന്‍ താരങ്ങള്‍ അങ്ങനെ പെരുമാറുന്നതിനാല്‍ നമ്മളും തിരിച്ചു അതുപോലെ പെരുമാറണമെന്ന ന്യായീകരണം എന്ത് വിചിത്രമാണ്. ഷാ കൂട്ടിച്ചേര്‍ത്തു.

കോലിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഏറ്റുവാങ്ങിയ അധിക്ഷേപത്തിന്റെ കണക്കെടുക്കാനാകില്ല. ഞാന്‍ അങ്ങനെയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ ഇത്തരം ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. കുറേ ആളുകള്‍ എന്റെ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കുക പോലുമുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ മറിച്ചാണ് സംഭവിച്ചത്. കോലിയുടെ പേരില്‍ എന്നെ അധിക്ഷേപിച്ച ആളുകളുടെ സ്വഭാവം എനിക്കറിയാം. ഇന്ത്യന്‍ ടീം വിജയിക്കുമ്പോള്‍ ആഘോഷിക്കുന്ന അവര്‍ തോല്‍ക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ വീടുകളിലേക്ക് കല്ലെറിയും. ഇത്തരത്തിലുള്ള സ്‌നേഹവും ആരാധനയും എനിക്ക് മനസ്സിലാകില്ല. ഷാ പറയുന്നു. 

Content Highlights: Naseeruddin Shah on Virat Kohli and His Style Of Play