Photo: AFP
ന്യൂഡല്‍ഹി: രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്) പ്രസിഡന്റ് സ്ഥാനം രാജിവെച്ച് വെറ്ററന്‍ സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റര്‍ നരീന്ദര്‍ ബത്ര. ഇതിനൊപ്പം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗത്വവും അദ്ദേഹം ഒഴിഞ്ഞു.
നേരത്തെ മേയ് 25-ന് ഡല്‍ഹി ഹൈക്കോടതി വിധിയെ തുടര്‍ന്ന് ബത്രയെ ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗത്വത്തില്‍ നിന്ന് നീക്കിയിരുന്നു. ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗം എന്ന നിലയിലാണ് ബത്ര ദേശീയ അസോസിയേഷനുകളുടെയും അന്താരാഷ്ട്ര ഫെഡറേഷനുകളുടെയും തലപ്പത്തു വന്നത്. എന്നാല്‍, ആജീവനാന്ത അംഗം എന്നത് നിയമവിരുദ്ധമായ പദവിയാണെന്നാണ് ഡല്‍ഹി ഹൈക്കോടതി വിധിച്ചത്.
ഇതിനൊപ്പം ദേശീയ ഹോക്കി ഫെഡറേഷന് (ഹോക്കി ഇന്ത്യ) ദേശീയ കായിക ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നു കണ്ടെത്തിയ ഡല്‍ഹി ഹൈക്കോടതി, ഹോക്കി ഇന്ത്യയുടെ ദൈനംദിന നടത്തിപ്പിന് മൂന്നംഗ കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. ഈ വിധിയോടെ ഐ.ഒ.എ. പ്രസിഡന്റ് എന്ന ബത്രയുടെ സ്ഥാനം തെറിക്കുകയും ചെയ്തിരുന്നു.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പിരിച്ചുവിട്ട സുപ്രീം കോടതി ഉത്തരവ് ആവര്‍ത്തിച്ച ഹൈക്കോടതി, മുന്‍ സുപ്രീം കോടതി ജഡ്ജി അനില്‍ ആര്.ദാവെ, മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ എസ്.വൈ.ഖുറേഷി, ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സഫര്‍ ഇഖ്ബാല്‍ എന്നിവരെ അംഗങ്ങളാക്കിയാണു ഭരണസമിതി രൂപീകരിച്ചിരിക്കുന്നത്.
അസോസിയേഷന്റെ 35 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന പരാതിയില്‍ ബത്രയ്ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..