ന്യൂയോർക്ക്: വെസ്റ്റേൺ ആന്റ് സതേൺ ഓപ്പണിന്റെ സെമി ഫൈനലിൽ ഇടം നേടിയതിന് പിന്നാലെ ടൂർണമെന്റിൽ നിന്ന് പിന്മാറി ജപ്പാന്റെ ടെന്നീസ് താരം നവോമി ഒസാക്ക. വംശീയ അധിക്ഷേപങ്ങൾക്കെതിരായ പ്രതിഷേധമായാണ് നാലാം സീഡായ ഒസാക്കയുടെ പിന്മാറ്റം. 'ഒരു കായികതാരം എന്നതിലുപരി ഞാനൊരു കറുത്ത വർഗക്കാരിയാണ്' എന്ന് വ്യക്തമാക്കിയാണ് ഒസാക്കയുടെ പിന്മാറ്റം.

ഞാൻ കളിക്കാതിരുന്നാൽ വലിയ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. എന്നാൽ വെളുത്ത വർഗക്കാർക്ക് ആധിപത്യമുള്ള സ്പോർട്സിൽ എന്റെ പിന്മാറ്റം ചർച്ചയായാൽ അത് ശരിയായ വഴിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ്ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ ഒസാക്ക പറയുന്നു.

അമേരിക്കയിലെ കെനോഷയിൽ ജേക്കബ് ബ്ലെയ്ക്ക് എന്ന കറുത്തവർഗക്കാരനായ യുവാവിനെ മൂന്നു മക്കളുടെ മുന്നിൽവെച്ച് പോലീസ് വെടിവെച്ച് വീഴ്ത്തിയതാണ് ഒസാക്കയുടെ പ്രതിഷേധത്തിന് കാരണം. എൻബിഎ ടീമായ മിൽവാക്കി ബക്ക്സാണ് കായികമേഖലയിൽ നിന്നുള്ള പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. പിന്നാലെ അമേരിക്കൻ മേജർ സോക്കർ ലീഗിലേയും മേജർ ലീഗ് ബേസ്ബോളിലേയും മത്സരങ്ങൾ മാറ്റിവെച്ചു.