ലണ്ടൻ: ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരമായി ജപ്പാന്റെ ടെന്നീസ് താരം നവോമി ഒസാക്ക. അമേരിക്കയുടെ ടെന്നീസ് താരം സെറീന വില്ല്യംസിനെ പിന്നിലാക്കിയാണ് ഒസാക്കയുടെ കുതിപ്പ്.

ഫോർബ്സ് മാഗസിന്റെ കണക്കുപ്രകാരം കഴിഞ്ഞ 12 മാസങ്ങൾക്കുള്ളിൽ സമ്മാനത്തുകയിലൂടെയും പരസ്യത്തിലൂടെയും ഒസാക്ക സമ്പാദിച്ചത് 283 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള സെറീനയേക്കാൾ 11 കോടി രൂപയാണ് 22-കാരിയായ ഒസാക്കയുടെ സമ്പാദ്യം. 2015-ൽ റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ 226 കോടി രൂപയുടെ റെക്കോഡും ഒസാക്കയും സെറീനയും മറികടന്നു.

1990 മുതലാണ് ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന വനിതാ താരങ്ങളുടെ പട്ടിക ഫോർബ്സ് തയ്യാറാക്കാൻ തുടങ്ങിയത്. അന്നുമുതൽ എല്ലാ വർഷവും ടെന്നീസ് താരങ്ങൾ തന്നെയാണ് ഒന്നാം സ്ഥാനം നേടാറുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 100 കായികതാരങ്ങളുടെ പട്ടികയിൽ 29-ാം സ്ഥാനത്താണ് ഒസാക്ക.

രണ്ടു തവണ ഗ്രാൻസ്ലാം നേടിയ ഒസാക്കയുടെ അച്ഛൻ ഹെയ്തിയിലാണ് ജനിച്ചത്. അമ്മ ജപ്പാൻകാരിയാണ്. 2018 യു.എസ് ഓപ്പണിൽ സെറീനയെ തോൽപ്പിച്ച് കിരീടം നേടിയതോടെയാണ് ഒസാക്ക താരമായത്. 2019-ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും നേടി. എന്നാൽ പിന്നീട് നിറംമങ്ങിയ താരം നിലവിൽ ലോകറാങ്കിങ്ങിൽ പത്താം സ്ഥാനത്താണ്.

കഴിഞ്ഞ നാലു വർഷവും ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ താരം സെറീന വില്ല്യംസ് ആയിരുന്നു. അതിനു മുമ്പുള്ള അഞ്ചു വർഷവും ഈ പട്ടികയിൽ മരിയ ഷറപ്പോവ ആയിരുന്നു ഒന്നാം സ്ഥാനത്ത്.

Content Highlights: Naomi Osaka becomes worlds highest paid female athlete