വെള്ളരിക്കുണ്ട്: കളിക്കളങ്ങളിലെ മിന്നും താരത്തിന് ഇനി ഒരു മത്സരംകൂടി ജയിച്ചേ പറ്റൂ. വൃക്കരോഗം പിടിപെട്ട് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ അന്താരാഷ്ട്ര വോളിബോള്‍ താരം നജിമുദീന്റെ ചികിത്സയ്ക്കുവേണ്ടി നാട് കൈകോര്‍ക്കുന്നു. 

ബളാല്‍ കല്ലന്‍ചിറ സ്വദേശിയായ നജിമുദീന്‍ സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ടീമംഗമായിരുന്നു. 10 വര്‍ഷം ജില്ലാ സീനിയര്‍ ടീമംഗവും അഞ്ച് വര്‍ഷം ക്യാപ്റ്റനുമായിരുന്നു. 2000-ത്തില്‍ സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ജില്ലാ ടീമംഗം 1998-ല്‍ തമിഴ്നാടില്‍ നടന്ന ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ കേരള ടീമംഗമായിരുന്നു.

ഇന്ത്യന്‍ ഇന്റര്‍നാഷണലില്‍ ബ്രസീല്‍, ഇറ്റലി, സെര്‍ബിയ, യു.എ.ഇ., ഇറാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ക്കൊപ്പം കളിച്ചു. ആഡ്‌കോ, അല്‍ ജസീറ ക്ലബ്ബുകള്‍ക്കായും കളിച്ചു.

ഗള്‍ഫിലായിരിക്കെ 2017-ലാണ് വൃക്കരോഗം ബാധിച്ചത്. രോഗം ഗുരുതരമായി. കളിയും ജോലിയും വിട്ട് നാട്ടിലെത്തി ചികിത്സ തുടര്‍ന്നു. ഭീമമായ ചെലവ് വന്നു. ഡയാലിസിസ് നടത്തിയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക മാറ്റിവെക്കലാണ് ഇനിയുള്ള ഏകവഴി. വൃക്ക നല്‍കാന്‍ സഹോദരന്‍ തയ്യാറുണ്ട്. ഇതിനുവേണ്ടുന്ന 30 ലക്ഷത്തോളം രൂപ കണ്ടെത്തലാണ് വെല്ലുവിളി. കഴിഞ്ഞ ദിവസം സംസ്ഥാന കായികവകുപ്പ് മൂന്നുലക്ഷം രൂപ സഹായം അനുവദിച്ചിരുന്നു.

ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ചികിത്സാ സമിതി രൂപവത്കരിച്ചു. വി.വി. വിജയമോഹന്‍ (ചെയ.), ജയന്‍ വെള്ളിക്കോത്ത് (സെക്ര), ശിവജി വെള്ളിക്കോത്ത് (ഖജാ.) തുക ശേഖരിക്കാന്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് തുടങ്ങി. നമ്പര്‍: 52010 126803 1847. ഐ.എഫ്.എസ്.സി. കോഡ് CORP0002901.

Content Highlights: Najimuddin former kerala volleyball player needs help for kidney transplantation