Image Courtesy: Twitter
ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താന് ക്രിക്കറ്റ് ചരിത്രം മറക്കാനാകാത്ത ഒട്ടേറെ മൈതാന യുദ്ധങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. അക്കൂട്ടത്തില്‍ തന്നെ ഏറ്റവും പ്രശസ്തമായ സംഭവം അരങ്ങേറുന്നത് 1996-ലെ ലോകകപ്പിനിടെയായിരുന്നു. വിജയിക്കാമായിരുന്ന മത്സരം കൈവിട്ട നിരാശ പാകിസ്താനും പോരാട്ട വീര്യത്തിലൂടെ ജയം സ്വന്തമാക്കിയ സന്തോഷം ഇന്ത്യയ്ക്കും സ്വന്തമായ മത്സരം. അതിലെ കഥാപാത്രങ്ങളോ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദും പാക് താരം ആമിര്‍ സൊഹൈലും. തന്നെ വാക്കുകള്‍ കൊണ്ട് നേരിട്ട സൊഹൈലിനെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി പ്രസാദ് നല്കിയ യാത്രയയപ്പ് ഇന്നും ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെയാണ് കാണുന്നത്.
1996 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടിന് 287 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സയീദ് അന്‍വറും ആമിര്‍ സൊഹൈലും ചേര്‍ന്ന് പാകിസ്താന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. യാതൊരു ദയയുമില്ലാതെ അവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുതകര്‍ത്തു. ഇതിനിടെ അന്‍വറിനെ പുറത്താക്കി ശ്രീനാഥ് ഇന്ത്യ മോഹിച്ച ബ്രേക്ക് ത്രൂ നല്കി.
എങ്കിലും ആ വിക്കറ്റ് പാകിസ്താനെ തളര്‍ത്തിയില്ല. ഇതിനിടെ പ്രസാദ് എറിഞ്ഞ 15-ാം ഓവറിലെ അഞ്ചാ പന്ത് സൊഹൈല്‍ ക്രീസിന് വെളിയിലിറങ്ങി ബൗണ്ടറി കടത്തി. പിന്നാലെ പന്ത് പോയ വഴി പ്രസാദിനെ ചൂണ്ടിക്കാണിച്ച് അടുത്ത പന്തും അവിടേക്ക് തന്നെ അടിക്കുമെന്ന ആംഗ്യവും കാട്ടി. എന്നാല്‍ സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ ഇന്ത്യന്‍ തിരമാലകളെ സാക്ഷിയാക്കി ആറാം പന്തില്‍ പ്രസാദ് സൊഹൈലിന്റെ ഓഫ് സ്റ്റമ്പ് കടപുഴക്കി. സൊഹൈലിനോട് കേറിപ്പോകാന്‍ ആംഗ്യം കാണിച്ചായിരുന്നു പ്രസാദിന്റെ ആഘോഷം.
ഇപ്പോഴിതാ ആ സംഭവം നടന്ന് 24 വര്‍ഷങ്ങള്‍ക്കു ശേഷം ആ ദിവസത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് പ്രസാദ്. കഴിഞ്ഞ 24 വര്‍ഷത്തിനിടെ ആരെങ്കിലും തന്നോട് ആ സംഭവത്തെ കുറിച്ച് ചോദിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെന്ന് പ്രസാദ് പറയുന്നു.
''ആ ഫോര്‍ നേടിയ ശേഷം അദ്ദേഹത്തിന് (അമിര്‍ സൊഹൈല്‍) ക്രീസിലേക്ക് മടങ്ങിപ്പോകാമായിരുന്നു. എന്നാല്‍ വാക്കുകള്‍ക്കൊപ്പം ഏതാനും ആംഗ്യവും അവിടെയുണ്ടായി. അത്രത്ര സുഖകരമായതായിരുന്നില്ല. രാജ്യം മുഴുവനും കാണികളും കണ്ടുകൊണ്ടിരിക്കുന്ന മത്സരമായതിനാല്‍ തന്നെ ആ സമയം എന്റെ രക്തം ശരിക്കും തിളച്ചുമറിയുകയായിരുന്നു. ഞങ്ങള്‍ക്ക് ഒരു വിക്കറ്റ് ആവശ്യമായിരുന്നു'', പ്രസാദ് പറഞ്ഞു.
അതേസമയം ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം വെച്ച് അന്ന് താന്‍ ശിക്ഷയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും പ്രസാദ് പറഞ്ഞു. സൊഹൈലിന്റെ വിക്കറ്റ് നേടിയ ശേഷം പ്രസാദിന്റെ പ്രതികരണവും രൂക്ഷമായിരുന്നു. ശരിക്കും അത്തരം പെരുമാറ്റത്തിന് തനിക്ക് പിഴയോ വിലക്കോ തീര്‍ച്ചയായും ലഭിക്കേണ്ടതായിരുന്നുവെന്നും പ്രസാദ് വ്യക്തമാക്കി.
Content Highlights: My blood was really boiling Venkatesh Prasad on the Aamer Sohail incident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..