റാഞ്ചി: ഐ.പി.എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ അച്ഛന്‍ പാന്‍ സിങ്ങിനും അമ്മ ദേവികാ ദേവിയ്ക്കും കോവിഡ്. ഇരുവരേയും ബുധനാഴ്ച്ച റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എ ട്വീറ്റ് ചെയ്തു. 

നിലവില്‍ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ട്വീറ്റില്‍ പറയുന്നു. റാഞ്ചിയിലെ പള്‍സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് രണ്ടു പേരുമുള്ളത്. ഇന്ത്യയില്‍ കൊറോണ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുകയാണ്. മൂന്നു ലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ചെന്നൈ ടീമിനൊപ്പം മുംബൈയിലാണ് ധോനിയുള്ളത്. യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.എല്ലിന് ശേഷം ധോനി കുടുംബത്തോടൊപ്പമാണ് സമയം ചിലവഴിച്ചിരുന്നത്. മറ്റു മത്സരങ്ങളൊന്നും കളിച്ചിരുന്നില്ല. അതിനുശേഷം ഈ ഐ.പി.എല്ലിലാണ് ധോനി വീണ്ടും കളത്തില്‍ തിരിച്ചെത്തിയത്.

Content Highlights: MS Dhonis parents admitted to hospital after testing positive for Covid 19