ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ വ്യാഴാഴ്ച ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതിനു പിന്നാലെ ആവേശഭരിതനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണലുമായ എം.എസ് ധോനി.
ലോകത്തിലെ ഏറ്റവും മികച്ച 4.5 ജനറേഷൻ യുദ്ധവിമാനങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റർ പൈലറ്റുകളെ ലഭിച്ചിരിക്കുന്നു എന്ന് ധോനി ട്വീറ്റ് ചെയ്തു. നമ്മുടെ പൈലറ്റുമാരുടെ കൈയിലെത്തുകയും എയർഫോഴ്സിലെ മറ്റ് വിമാനങ്ങൾക്കൊപ്പം ചേരുകയും ചെയ്യുന്നത് റഫാലിന്റെ മാരകശക്തി വർധിപ്പിക്കുമെന്നും ധോനി കൂട്ടിച്ചേർത്തു.
ഗ്ലോറിയസ് 17 സ്ക്വാഡ്രണിന് (ഗോൾഡൻ ആരോസ്) ആശംസകൾ നേർന്ന ധോനി മിറാഷ് 2000ന്റെ സർവീസ് റെക്കോഡ് റഫാൽ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. അതേസമയം സുഖോയ് 30 എം.കെ.ഐ ആണ് തന്റെ പ്രിയപ്പെട്ട യുദ്ധവിമാനമെന്നും ധോനി കൂട്ടിച്ചേർത്തു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റഫാൽ യുദ്ധവിമാനങ്ങൾ വ്യാഴാഴ്ച ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 59,000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടുള്ളത്.
ചടങ്ങുകളുടെ ഭാഗമായി സർവമത പ്രാർഥനയും (സർവ്വ ധർമ്മ പൂജ) നടന്നു. അംബാല വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി മുഖ്യാതിഥിയായി. ജൂലായ് 29-നാണ് ഫ്രാൻസിൽ നിന്ന് ആദ്യ ബാച്ചിൽപ്പെട്ട വിമാനങ്ങൾ ഇന്ത്യയിലെത്തിയത്.
Content Highlights: MS Dhoni excited as Rafale gets inducted into Air Force