ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പ്രിന്റര്‍ പര്‍വീന്ദര്‍ ചൗധരിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. 

ചൊവ്വാഴ്ചയാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമി ഹോസ്റ്റലില്‍ പതിനെട്ടുകാരനായ പര്‍വീന്ദര്‍ ചൗധരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. 

ആത്മഹത്യ ചെയ്യുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് പര്‍വീന്ദര്‍ ചൗധരി പണം ആവശ്യപ്പെട്ട് പിതാവിന് ഫോണ്‍ ചെയ്തിരുന്നതായി പോലീസ് പറയുന്നു. അതേസമയം ചൗധരിയുടെ വനിതാ സുഹൃത്തുമായി ബന്ധപ്പെട്ടും അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് 5.30-ന് പരീശീലനത്തിനു ശേഷം ചൗധരി മുറിയിലേക്ക് മടങ്ങിയതായി പോലീസ് പറയുന്നു. ആറു മണിയോടുകൂടിയാകാം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പോലീസ് അനുമാനിക്കുന്നു.

അതേസമയം ആറു മണിയോടുകൂടി ചൗധരിയെ കാണാനെത്തിയ സഹോദരിയാണ് വിവരം തങ്ങളെ അറിയിച്ചതെന്ന് സായ് അധികൃതര്‍ പറയുന്നു. ഉടന്‍ തന്നെ മുറിയിലെത്തിയ സായ് അധികൃതര്‍ തൂങ്ങി നിന്നിരുന്ന താരത്തെ നിലത്തിറക്കുകയും അടുത്തുള്ള സഫ്ദര്‍ജങ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.  എങ്കിലും താരത്തെ രക്ഷിക്കാനായില്ല. 

എന്നാല്‍ ചൊവ്വാഴ്ച താന്‍ പര്‍വീന്ദര്‍ ചൗധരിയെ സന്ദര്‍ശിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സഹോദരി പോലീസിനോട് പറഞ്ഞത്. താനാണ് പര്‍വീന്ദര്‍ ചൗധരിയുടെ ഡല്‍ഹിലുള്ള ഏക സഹോദരിയെന്നും താന്‍ അന്നേ ദിവസം ചൗധരിയെ സന്ദര്‍ശിച്ചിട്ടില്ലെന്നും യുവതി അറിയിക്കുകയായിരുന്നു. ആ വാര്‍ത്ത വ്യാജമാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ഇതിനാല്‍ തന്നെ ചൗധരിയുടെ വനിതാ സുഹൃത്തുക്കളില്‍ ആരെങ്കിലുമാകാം ആ  സമയത്ത് അവിടെ വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. 

പര്‍വീന്ദര്‍ ചൗധരിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് മഹേഷ് പാലിന്റെ പ്രതികരണം. തന്നോട് പെട്ടെന്ന് പണം വേണമെന്ന് അവന്‍ പറഞ്ഞിട്ടില്ലെന്നും മഹേഷ് പാല്‍ വ്യക്തമാക്കി.

Content Highlights: money woman friend angle on probe radar in sprinter's suicide case