ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ  ഹസിന്‍ ജഹാന്‍ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണങ്ങള്‍ക്ക് ഇരയായത്. ഇപ്പോള്‍ ഭര്‍ത്താവ് ഷമിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഫെയ്‌സ്ബുക്കിലൂടെ തന്നെ രംഗത്തുവന്നിരിക്കുകയാണ് ഹസിന്‍.

ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും കഴിഞ്ഞ രണ്ടര വര്‍ഷമായി തന്നെ നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ഹസന്‍ ആരോപിച്ചിരിക്കുന്നത്. ഷമി ഒരു പാകിസ്താനി യുവതി അടക്കമുള്ള സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഹസിന്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകള്‍ ഷമിക്ക് അയച്ചുകൊടുത്ത അവരുടെ ചിത്രങ്ങളും ഷമി സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങളും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെയെല്ലാം ചിത്രങ്ങള്‍ അവരുടെ പേരും മൊബൈല്‍ നമ്പറും സഹിതമാണ് ജഹാന്‍ പോസ്റ്റിട്ടത്.
 
എ.ബി.പി. ലൈവാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

താന്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ മഞ്ഞുമലയുടെ ഒരു തുമ്പ് മാത്രമാണ്. ഇതിലും നെറികെട്ടവനാണ് അയാള്‍. ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ട് അയാള്‍ക്ക്-ജഹാന്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shami

2014ല്‍ ഐ.പി.എല്‍ ടീമായ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സാണ് ഷമിക്ക് ആ ഫോണ്‍ നല്‍കിയതെന്നും ജഹാന്‍ പറഞ്ഞു. ഷമിയുടെ ബി.എം.ഡബ്ല്യു കാറില്‍ നിന്നാണ് ഈ ഫോണ്‍ ലഭിച്ചത്. അതിനൊപ്പം ഗര്‍ഭനിരോധന ഉറകളും ഉണ്ടായിരുന്നു. ലോക്ക് ചെയ്തിരുന്ന ഫോണ്‍ നിരവധി പാറ്റേണുകള്‍ മാറിമാറി പരിശോധിച്ചാണ് ഞാന്‍ തുറന്നത്-ജഹാന്‍ പറഞ്ഞു.

ഇതിന് പുറമെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഷമിയും കുടുംബാംഗങ്ങളും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജഹാന്‍ ആരോപിച്ചു. അമ്മയും സഹോദരനും അസഭ്യം പറയാറുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിവരെ അധിക്ഷേപിച്ച അനുഭവമുയ്. അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുക വരെ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചുവന്നതിനുശേഷവും ഷമി എന്നെ അധിക്ഷേപിച്ചിരുന്നു. എങ്കിലും  കുടുംബത്തെയും മകളെയും ഓര്‍ത്ത് ഞാന്‍ ക്ഷമിച്ചിരിക്കുകയായിരുന്നു. പക്ഷേ, ഇപ്പോള്‍ നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും അവരുമായി നടത്തിയ അശ്ലീല ചാറ്റുകള്‍ ശ്രദ്ധയില്‍ പെടുകയും ചെയ്തതോടെയാണ് എനിക്ക് നിയന്ത്രണം വിട്ടത്. ഇനി ഇത് സഹിക്കാനാവില്ല. എല്ലാ തെളിവുകളും വച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണ് ഞാന്‍. ഇക്കാര്യങ്ങള്‍ ജനുവരി എട്ടിന് കൊല്‍ക്കത്തയിലെ ജാദവ്പുര്‍ പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.

ഇന്ത്യ എ ടീമിനുവേണ്ടി ദേവ്ദര്‍ ട്രോഫി കളിച്ചുകൊണ്ടിരിക്കുന്ന മുഹമ്മദ് ഷമി ഇതുവരെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

Content Highlights: Mohammed Shami wife Hasin Jahan domestic abuse Chats