പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് ചാര്‍ജ് ചെയ്തിട്ടും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ നടപടി സ്വീകരിക്കാത്ത ബി.സി.സി.ഐയെ വിമര്‍ശിച്ച് മുന്‍ ഭാര്യ ഹസിന് ജഹാന് രംഗത്ത്. ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 മത്സരങ്ങളില്‍ ഷമി അംഗമായിരുന്നു. ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ ടീമിലും ഷമി അംഗമായിരുന്നു. ഈ പ്രകടനത്തിന്റെ ബലത്തില്‍ ലോകകപ്പ് ടീമിലും ഷമി അംഗമായിരിക്കുമെന്ന് ഏറെക്കുറേ ഉറപ്പിച്ചിരിക്കെയാണ് മുന്‍ ഭാര്യയുടെ പരാതിയില്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്തിരിക്കുന്നത്.
ഷമിക്കെതിരേ പോലീസ് കേസെടുത്തതില്‍ സന്തോഷമുണ്ടെങ്കിലും ഷമിക്കെതിരേ ബി.സി.സി.ഐ നടപടി കൈക്കൊള്ളാന്‍ വൈകുന്നതിന്റെ കാരണം പിടികിട്ടുന്നില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ബി.സി.സി.ഐയ്ക്ക് കത്തെഴുതിയിട്ടുണ്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല-ഹസിന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മികച്ച ഫോമില്‍ കളിക്കുന്ന ഷമിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് അത്യന്താപേക്ഷിതമാണെന്ന് അറിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നെ ബലാത്സംഗം ചെയ്യുകയും എനിക്കെതിരേ വധശ്രമം ഉണ്ടാവുകയും ചെയ്തതിന്റെ തെളിവുകളെല്ലാം ഞാന്‍ നല്‍കിയിരുന്നു. വിശദമായ അന്വേഷണത്തില്‍ സത്യം പുറത്തുവരും എന്നുതന്നെയാണ് എന്റെ വിശ്വാസം. ദൈവത്തിലും നിയമവ്യവസ്ഥയിലും പരിപൂര്‍ണ വിശ്വാസമുണ്ട്-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഹസിന് പറഞ്ഞു.
ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമം, വിവാഹേതര ബന്ധം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുറ്റങ്ങള്‍ക്കാണ് ആലിപുര്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി ഷമിക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസ് ജൂണ്‍ 22ന് പരിഗണിക്കും.
മെയില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ നിര്‍ണായക റോളുള്ള താരമായിരുന്നു ഷമി. കേസെടുത്തതോടെ ഷമിയുടെ ലോകകപ്പ് ഭാവി തുലാസിലായിരിക്കുകയാണ്. എന്നാല്‍, കേസ് സംബന്ധിച്ച് ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights: Mohammed Shami Hasin Jahan Cricket World Cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..