ഹാമില്‍ട്ടണ്‍: ജസ്പ്രീത് ബുംറയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഇന്ത്യയുടെ പേസ് ബൗളര്‍ മുഹമ്മദ് ഷമി. പരിക്കുമാറി ടീമില്‍ തിരിച്ചെത്തിയ ബുംറ ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ബുംറയെ വിമര്‍ശിച്ച് മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹതാരമായ ഷമി, ബുംറയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്‌.

പുറത്തു നിന്ന് വിമര്‍ശിക്കാന്‍ എളുപ്പമാണെന്നും ഇങ്ങനെ താരങ്ങളെ വിമര്‍ശിച്ച് പണമുണ്ടാക്കുകയാണ് പലരുമെന്നും ഷമി പറയുന്നു. 'ഇക്കാലത്ത് താരങ്ങളെ വിമര്‍ശിച്ച് പണമുണ്ടാക്കുകയാണ് പലരും. ഇത്തരത്തില്‍ പുറത്തുനിന്ന് വിമര്‍ശിക്കാന്‍ എളുപ്പമാണ്. ബുംറ ഇന്ത്യക്കായി കൈവരിച്ച നേട്ടങ്ങള്‍ എങ്ങനെയാണ് മറക്കാനാകുന്നത്. ബുംറയെ കുറിച്ച് ആരാധകര്‍ സംസാരിക്കുന്നത് നല്ലതാണ്. എന്നാല്‍ മൂന്നോ നാലോ മത്സരങ്ങള്‍ക്കുള്ളില്‍ ഫലം പ്രതീക്ഷിക്കരുത്. താരങ്ങള്‍ക്ക് പ്രയോജനമാകുന്ന രീതിയിലാകണം വിമര്‍ശനം.' ഷമി വ്യക്തമാക്കി.

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റൊന്നും നേടാന്‍ ബുംറയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ 11 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ബുംറ രണ്ട് വിക്കറ്റെടുത്തു. ഷമി 17 റണ്‍സിന് മൂന്നു വിക്കറ്റും വീഴ്ത്തി. 

പരിക്ക് മാറി തിരിച്ചെത്തിയ ശേഷം ബുംറ ഏകദിനത്തില്‍ ഒരു വിക്കറ്റാണ് വീഴ്ത്തിയത്. അതേസമയം ട്വന്റി-20യില്‍ ഈ വര്‍ഷം ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റെടുത്തു.

Content Highlights: Mohammed Shami backs Jasprit Bumrah Cricket