സതാംപ്ടണ്‍: കോവിഡ് സുരക്ഷയുടെ ഭാഗമായുള്ള ബയോ സെക്യുര്‍ പ്രോട്ടോകോള്‍ ലംഘിച്ച പാകിസ്താന്‍ താരം മുഹമ്മദ് ഹഫീസ് ഐസൊലേഷനില്‍.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പാണ് താരത്തില്‍ നിന്ന് ചട്ട ലംഘനമുണ്ടായിരിക്കുന്നത്. ബയോ സെക്യുര്‍ ബബിള്‍ ലംഘിച്ച് ഹോട്ടലില്‍ നിന്ന് ഏജസ് ബൗള്‍ സ്റ്റേഡിയത്തിനു പുറത്തുള്ള ഗോള്‍ഫ് ക്ലബ്ബില്‍ പോയ ഹഫീസ് അവിടെ നിന്ന് 90 വയസിലേറെ പ്രായമുള്ള ഒരു സ്ത്രീയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അത് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഇതോടെ വിഷയത്തില്‍ ഇടപെട്ട പാക് ക്രിക്കറ്റ് ബോര്‍ഡ് താരത്തോടെ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അഞ്ചു ദിവസം താരം ഐസൊലേഷനില്‍ കഴിയണം.

Mohammad Hafeez in isolation after breaching covid protocol

താരങ്ങളുടെ ആരോഗ്യത്തിനു സുരക്ഷയ്ക്കുമായി ഏര്‍പ്പെടുത്തിയ ബയോ സെക്യുര്‍ പ്രോട്ടോകോള്‍ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് എല്ലാവരേയും ഓര്‍മപ്പെടുത്താന്‍ ഹഫീസിന്റെ ഈ പിഴവ് ഉപകരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

ബുധനാഴ്ച താരത്തിന് കോവിഡ് പരിശോധനയും നടത്തിയിരുന്നു. വ്യാഴാഴ്ച ഇതിന്റെ ഫലം ലഭിക്കും. താരം രണ്ട് കോവിഡ് പരിശോധനകളുടെ ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ താരത്തിന് ഇനി ടീമിനൊപ്പം ചേരാനാകൂ.

Content Highlights: Mohammad Hafeez in isolation after breaching covid protocol