Image Courtesy: Getty Images
ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ കോവിഡ് ടെസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദം തുടരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിന് മുമ്പ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ മുഹമ്മദ് ഹഫീസടക്കം ഏഴ് പാകിസ്താന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചവരോടെല്ലാം ഐസൊലേഷനില്‍ പ്രവേശിക്കാനും ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ പി.സി.ബിയുടെ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും സെക്കന്റ് ഒപ്പീനിയന്‍ എന്ന നിലയില്‍ ഹഫീസ് മറ്റൊരിടത്ത് കുടുംബത്തോടൊപ്പം കോവിഡ് പരിശോധന നടത്തി. തൊട്ടടുത്ത ദിവസം തന്നെ ഈ റിപ്പോര്‍ട്ട് പ്രകാരം താന്‍ കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കി താരം രംഗത്തെത്തുകയും പരിശോധന റിപ്പോര്‍ട്ട് അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാലിപ്പോഴിതാ ഒന്നാം ഘട്ട പരിശോധനയ്ക്കായി നേരത്തെ ശേഖരിച്ചിരുന്ന ഹഫീസിന്റെ സാമ്പിളുകള്‍ വീണ്ടും പരിശോധിച്ചതില്‍ നിന്ന് താരം കോവിഡ് പോസിറ്റീവ് തന്നെയാണെന്നാണ് പി.സി.ബി വ്യക്തമാക്കുന്നത്. ഷൗക്കത്ത് ഖാനൂം മെമ്മോറിയല്‍ ആശുപത്രിയിലാണ് പാകിസ്താന്‍ താരങ്ങളുടെ കോവിഡ് ടെസ്റ്റുകള്‍ നടന്നത്. ഇവിടെ നടത്തിയ പുനഃപരിശോധനയില്‍ ഹഫീസിന്റെ സാമ്പിള്‍ കോവിഡ് പോസിറ്റീവ് തന്നെയാണെന്ന് തെളിഞ്ഞതായി ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതോടെ ബോര്‍ഡിന്റെ ക്വാറന്റൈന്‍ ചട്ടം ലംഘിച്ചതിന് താരത്തിനെതിരേ നടപടി വന്നേക്കും. പി.സി.ബിയുടെ നേതൃത്വത്തില്‍ നടത്തിയ കോവിഡ്-19 പരിശോധനയ്ക്കു പിന്നാലെ ഹഫീസ് സ്വകാര്യ മെഡിക്കല്‍ ലാബില്‍ കോവിഡ് പരിശോധന നടത്തിയതില്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം തന്നെ അതൃപ്തി അറിയിച്ചിരുന്നു.
ഹഫീസ് പ്രൈവറ്റ് കോവിഡ് പരിശോധനയ്ക്ക് വിധേയനായതിനെതിരേ പി.സി.ബി സി.ഇ.ഒ വസീം ഖാനാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ''വ്യക്തിയെന്ന നിലയില്‍ മറ്റൊരിടത്ത് പരിശോധന നടത്താന്‍ ഹഫീസിന് അവകാശമുണ്ട്. എന്നാല്‍ അദ്ദേഹം ഇക്കാര്യം ബോര്‍ഡിനെ അറിയിക്കണമായിരുന്നു. കാരണം അദ്ദേഹത്തിന്റെ നടപടി ഇപ്പോള്‍ ഞങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.'' - വസീം ഖാന്‍ വ്യക്തമാക്കി.
ഹഫീസിനു പുറമെ കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നയ്ന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്വാന്‍, വഹാബ് റിയാസ്, ഇമ്രാന്‍ ഖാന്‍ എന്നീ താരങ്ങള്‍ക്കാണ് പി.സി.ബി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
Content Highlights: Mohammad Hafeez again Covid-19 positive as per PCB facilitated re-test
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..