ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. അസോസിയേഷന്റെ ഭരണസമിതിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അസറിനെ അസോസിയേഷന്റെ പ്രാഥമികാംഗത്വത്തില്‍  നിന്നും പുറത്താക്കുകയും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

2019 സെപ്തംബറിലാണ് മുന്‍ലോക്‌സഭാംഗം കൂടിയായ അസറിനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. പ്രസിഡന്റായിരിക്കെ അസര്‍ നിരവധി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

പ്രസിഡന്റായി ചുമതലയേറ്റത് മുതല്‍അസറുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല അസോസിയേഷനിലെ മറ്റംഗങ്ങള്‍. അസര്‍ കൂടിയാലോചനകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു എന്നായിരുന്നു ഇവരുടെ പ്രധാന പരാതി. ഇവരാണ് ഇപ്പോള്‍ അസറിനെതിരേ പരാതിയുമായി രംഗത്തുവന്നത്.

ബി.സി.സി.ഐ. അംഗീകരിക്കാത്ത ദുബായിലെ ടിടെന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒരു ക്ലബിന്റെ മാര്‍ഗനിര്‍ദേശകനാണ് അസര്‍ എന്നതാണ് ഒരു ആരോപണം. ഇക്കാര്യം അസര്‍ അസോസിയേഷനില്‍ നിന്ന് മറച്ചുവച്ചുവെന്നും ആരോപണമുണ്ട്. ഇതിന് പുറമെ അസോസിയേഷന്റെ അക്കൗണ്ട് അസര്‍ മരവിപ്പിച്ചുവെന്നും ഒരു ഓംബുഡ്‌സ്മാന്റെ നിയമനത്തെ ചോദ്യംചെയ്തുവെന്നുമാണ് മറ്റ് ആരോപണങ്ങള്‍.

Content Highlights: Mohammad Azharuddin removed as Hyderabad Cricket Association president