കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു രൂപ പോലും ശമ്പളം വാങ്ങില്ലെന്ന് പ്രഖ്യാപിച്ച റമീസ് രാജയെ പരിഹസിച്ച് മുന്‍താരം മുഹമ്മദ് ആമിര്‍. പിസിബി ചെയര്‍മാന്‍ സ്ഥാനത്തിന്റെ ആകര്‍ഷണം മാസശമ്പളമല്ലെന്ന് ചൂണ്ടിക്കാട്ടിയ ആമിര്‍ ആ സ്ഥാനത്തിരിക്കുന്നവര്‍ക്ക് മറ്റു ചില ഗുണങ്ങളുണ്ടെന്നും വ്യക്തമാക്കി. 

പാകിസ്താന്‍ ക്ലബ്ബ് പ്രസിഡന്റുമാരുടെ യോഗത്തിലാണ് റമീസ് രാജ ശമ്പളം വാങ്ങില്ലെന്ന് വ്യക്തമാക്കിയത്. ആകര്‍ഷകമായ കരിയര്‍ വേണ്ടെന്നുവെച്ചാണ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതെന്നും റമീസ് രാജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലൂടെ ആയിരുന്നു ആമിറിന്റെ പ്രതികരണം.

'എന്റെ അറിവില്‍ പിസിബി ചെയര്‍മാന് പ്രത്യേകിച്ച് മാസ ശമ്പളമൊന്നുമില്ല. പകരം മറ്റു ചില ഗുണങ്ങളാണുള്ളത്. ഒരുപക്ഷേ എന്റെ അറിവ് തെ്റ്റായിരിക്കാം. ഞാന്‍ കേട്ടിട്ടുള്ളത് അങ്ങനെയാണ്.' ആമിര്‍ ട്വീറ്റില്‍ പറയുന്നു. 

Content Highlights: Mohammad Amir Comments On Ramiz Raja’s Move To Not Take Any Salary