തൊടുപുഴ: റവന്യു ജില്ലാ കായിക മേള ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എം.എം.മണി രാവിലെ എന്‍.ആര്.സിറ്റിയില്‍ എത്തിയത്. നോക്കിയപ്പോള്‍ ചളിക്കുണ്ടായ ട്രാക്കില്‍ക്കൂടി പെരുമഴയത്ത് പിള്ളേരോടുന്നു. എറിയുന്നു. അവര്‍ തെന്നുന്നു. ആശാന് സ്വാഭാവികമായി അരിശം വന്നു. ഉദ്ഘാടന പ്രസംഗത്തില്‍ അതങ്ങ് വൃത്തിയായി തീര്‍ത്തു.
മഴ പെയ്ത് പഴച്ചാറ് പോലെയായ ഈ ഗ്രൗണ്ടില്‍ എങ്ങനെ കുട്ടികള്‍ ഓടും..? തെന്നി വീഴാതെ ഓടാന്‍ നോക്കുന്നതിനിടെ കുട്ടികള്‍ക്ക് നന്നായി മത്സരിക്കാനാകുമോ..? സംഘാടകരോടായിരുന്നു മുഴുവന്‍ ചോദ്യങ്ങളും. ഇതു കൊണ്ടും നിര്‍ത്തിയില്ല.
'ഓടുന്ന കുട്ടികളുടെ പുറകെ ട്രാക്കിലിടാന്‍ മണല്‍ ചാക്കുമായി മറ്റുള്ളവര്‍ ഓടുകയാണ്. ഇതില്‍പ്പരം മര്യാദകേടുണ്ടോ.? കുട്ടികള്‍ ഓട്ടം കണ്ട് സങ്കടം വന്നു. ഇങ്ങനെ കായികതാരങ്ങളുടെ ബലപരീക്ഷണം നടത്തരുത്.' സദസ് കരഘോഷത്തോടെയാണ് മന്ത്രിയുടെ വാക്കുകള്‍ സ്വീകരിച്ചത്.
ആഫ്രിക്കന്‍ രാജ്യങ്ങളടക്കം കായികമേളകളില്‍ സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യയ്ക്ക് ആകെ കിട്ടുന്നത് വല്ലപ്പോഴുമൊരു വെങ്കലമാണെന്നും തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. ഇരുമ്പ് ഇല്ലാത്തതു കൊണ്ട് അത് കിട്ടുന്നില്ലെന്ന് പറഞ്ഞത് സദസിനെ കുടുകുടാ ചിരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാപൗലോസ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. അബൂബക്കര്‍ സ്വാഗതമാശംസിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..