ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ മത്സരത്തിനിടെ ആദിൽ റഷീദിനോട് ക്രീസിലേക്ക് കയറാൻ നിർദേശിക്കുന്ന മിച്ചൽ സ്റ്റാർക്ക് | Screengrab: twitter.com|Aryaraghav1|status|1306282119753117698
മാഞ്ചെസ്റ്റര്‍: ബൗളിങ് ക്രീസ് വിട്ടിറങ്ങിയ ഇംഗ്ലണ്ട് താരം ആദില്‍ റഷീദിനെ 'മങ്കാദിങ്ങി'ലൂടെ പുറത്താക്കാന്‍ അവസരം ലഭിച്ചിട്ടും അതിന് ശ്രമിക്കാതെ മുന്നറിയിപ്പിലൊതുക്കി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.
ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനിടെയാണ് സ്റ്റാര്‍ക്കിന്റെ ഈ മാതൃക. സ്റ്റാര്‍ക്കിന്റെ പ്രവൃത്തിയെ കൈയടികളോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.
ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 49-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്ത് എറിയാനെത്തിയ സ്റ്റാര്‍ക്ക് തന്റെ ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റഷീദ് ക്രീസ് വിട്ടിറങ്ങുകയായിരുന്നു. ഇത് മനസിലാക്കിയ സ്റ്റാര്‍ക്ക് ആകട്ടെ ബൗളിങ് പൂര്‍ത്തിയാക്കാതെ റഷീദിനോട് തിരിച്ച് ക്രീസിലേക്ക് കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഈ സംഭവത്തിന് മുമ്പ് മത്സരത്തില്‍ രണ്ടു തവണ സ്റ്റാര്‍ക്കിനെതിരേ റഷീദ് സിക്‌സര്‍ നേടിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ മങ്കാദിങ്ങിനായി സ്റ്റാര്‍ക്കിനെ പ്രകോപിപ്പിച്ചില്ല. കഴിഞ്ഞ വര്‍ഷം ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് - കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ രാജസ്ഥാന്‍ താരം ജോസ് ബട്ട്‌ലറെ പഞ്ചാബ് ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ ആര്‍. അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മങ്കാദിങ്ങിനെതിരേ നേരത്തെ തന്നെ നിലപാടെടുത്ത താരം കൂടിയാണ് സ്റ്റാര്‍ക്ക്.
അതേസമയം മത്സരത്തില്‍ മൂന്നു വിക്കറ്റിന്റെ വിജയം നേടിയ ഓസ്‌ട്രേലിയ 2-1ന് പരമ്പരയും സ്വന്തമാക്കി.
Content Highlights: Mitchell Starc gave Adil Rashid a warning instead of Mankading
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..