മൊഹാലി: ഒളിമ്പ്യൻ മിൽഖ സിങ്ങിന്റെ ഭാര്യ നിർമൽ കൗർ (85) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മെയിലാണ് നിർമൽ കോവിഡ് പോസിറ്റീവ് ആയത്. ഇന്ത്യൻ വനിതാ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും പഞ്ചാബ് ഗവൺമെന്റിന്റെ മുൻ സ്പോർട്സ് ഫോർ വുമൺ ഡയറക്ടറുമാണ് നിർമൽ.

രണ്ടാഴ്ച്ച മുമ്പ് മിൽഖ സിങ്ങും കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് ജൂൺ മൂന്നിന് മിൽഖ സിങ്ങിനെ മോഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാർജ് ആയതിന് ശേഷം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ഛണ്ഡീഗഡിലെ വീട്ടിൽ ഐസോലേഷനിലാണ് ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ഇതിഹാസം.

ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ ഏക അത്ലറ്റാണ് മിൽഖാ സിങ്ങ്. ഏഷ്യൻ ഗെയിംസിൽ നാല് തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.

Content Highlights: nirmal kaur milkha singh wife covid 19 death