Photo: PTI
ആര്‍മി ക്യാമ്പിലായിരിക്കെ മില്‍ഖാ സിങ്ങിന്റെ ഓട്ടം കണ്ട് ഹവില്‍ദാര്‍ ഗുര്‍ദേവ് സിങ്ങാണ് ഒരു ഓട്ടക്കാരനു വേണ്ട പ്രത്യേകതകള്‍ മില്‍ഖയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. സഹോദരന് മല്ഖാനാണ് മില്‍ഖയെ ആര്‍മി റിക്രൂട്ട്മെന്റിന് പോകാന്‍ നിര്‍ബന്ധിച്ചത്. പട്ടാളക്കാര്‍ക്ക് ദിവസേനയുള്ള പരിശീലനത്തിനിടെ മില്‍ഖയുടെ ഓട്ടംകണ്ട ഗുര്‍ദേവ് സിങ്ങാണ് അദ്ദേഹത്തെ അത്ലറ്റിക്സിന്റെ ലോകത്ത് എത്തിക്കുന്നത്.
തുടര്‍ന്ന് പട്ടാളക്കാര്‍ക്കായി നടത്തുന്ന കായിക മത്സരങ്ങളില്‍ 400 മീറ്ററില്‍ പങ്കെടുക്കാന്‍ മില്‍ഖ തയ്യാറെടുത്തു. ആര്‍മിയുടെ ഭാഗമായി നടന്ന മത്സരങ്ങളെല്ലാം ജയിച്ച അദ്ദേഹം ദേശീയ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യതയും നേടി. ആര്‍മിയില്‍ വെച്ചാണ് താന്‍ ഒരു അത്ലറ്റായതെന്ന് പില്ക്കാലത്ത് മില്‍ഖ തന്നെ പറഞ്ഞിട്ടുണ്ട്.
പിന്നാലെ 1956-ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ 200, 400 മീറ്ററുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചെങ്കിലും ഹീറ്റ്സിനപ്പുറത്തേക്ക് മുന്നേറാനായില്ല. എന്നാല്‍ അന്ന് 400 മീറ്റര്‍ ചാമ്പ്യനായിരുന്ന ചാള്‍സ് ജെന്കിന്സിനെ പരിചയപ്പെടാനായത് മില്‍ഖയുടെ കരിയറിന് ഗുണമായി. പ്രൊഫഷണല്‍ പരിശീലന പദ്ധതികളെ കുറിച്ച് മില്‍ഖയ്ക്ക് അറിവ് നല്‍കിയത് അദ്ദേഹമായിരുന്നു.
തുടര്‍ന്ന് 1958-ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററുകളില്‍ മില്‍ഖ റെക്കോഡ് പ്രകടനം പുറത്തെടുത്തു. പിന്നാലെ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇതേ ഇനങ്ങളില്‍ അദ്ദേഹം സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.
1958-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും അദ്ദേഹം സ്വര്‍ണമണിഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ മില്‍ഖ സ്വന്തമാക്കി. ആ നേട്ടത്തിനു പിന്നാലെ മില്‍ഖയെ തേടി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വിളിയെത്തി. എന്ത് സമ്മാനം വേണമെന്നായിരുന്നു ചോദ്യം. ഈ വിജയം ആഘോഷിക്കാന്‍ രാജ്യത്ത് ഒരു ദിവസത്തെ പൊതുഅവധി നല്‍കണമെന്നായിരുന്നു മില്‍ഖ ആവശ്യപ്പെട്ടത്.
ഇതിനു പിന്നാലെ 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നല്കി ആദരിക്കുകയും ചെയ്തു.
1960-ലെ റോം ഒളിമ്പിക്സിലെ ആ വലിയ നഷ്ടത്തെ കുറിച്ച് മില്‍ഖ സിങ് പലപ്പോഴും വാചാലനാകാറുണ്ടായിരുന്നു. അന്ന് 400 മീറ്ററില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന അദ്ദേഹത്തിന് 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്.
1960-ല്‍ പാകിസ്താനിലെ ഏറ്റവും മികച്ച ഓട്ടക്കാരനായ അബ്ദുള്‍ ഖലിഖുമായി മത്സരിക്കാന്‍ മില്‍ഖയ്ക്ക് ക്ഷണം കിട്ടി. മില്‍ഖ താത്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും ജവഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തെ നിര്‍ബന്ധിച്ച് മത്സരത്തിനയച്ചു. അന്ന് പാക് ജനറല്‍ അയൂബ് ഖാനാണ് മില്‍ഖയെ പറക്കും സിഖ് എന്ന് വിശേഷിപ്പിച്ചത്.
Content Highlights: Milkha Singh The Flying Sikh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..