മൊഹാലി: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് ആശുപത്രി വിട്ടു. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ കുടുംബത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. 

അതേസമയം കോവിഡ് ബാധിച്ച മില്‍ഖയുടെ ഭാര്യ നിര്‍മല്‍ കൗര്‍ ചണ്ഡീഗഢിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ ശനിയാഴ്ച ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. നിര്‍മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

നേരത്തെ കോവിഡിനു പിന്നാലെ ന്യൂമോണിയ കാരണവും ഓക്സിജന്‍ ലെവല്‍ താഴ്ന്നതിനാലും മില്‍ഖാ സിങ്ങിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു.

മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

മില്‍ഖാ സിങ്ങിന്റെ വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ കോവിഡ് പരിശോധനയിലാണ് താരത്തിനും രോഗം സ്ഥിരീകരിച്ചത്.

Content Highlights: Milkha Singh discharged from hospital in stable condition