ഛണ്ഡിഗഡ്: ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മിൽഖാ സിങ്ങിനെ ചണ്ഡിഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ മിൽഖാ സിങ് നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ ലെവൽ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

ജൂൺ മൂന്നിനാണ് മിൽഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരത്തെ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാർജ് ആയശേഷം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുlത്തതിനെ തുടർന്ന് മിൽഖാ സിങ്ങ് ചണ്ഡീഗഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

ഇതിനിടയിൽ ജൂൺ പതിനാലിന് മിൽഖാ സിങ്ങിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻക്യാപ്റ്റനുമായ നിർമൽ കൗർ അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നിർമൽ. കഴിഞ്ഞ മെയിലാണ് നിർമൽ കോവിഡ് പോസിറ്റീവ് ആയത്.

ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ ഏക അത്ലറ്റാണ് മിൽഖാ സിങ്. ഏഷ്യൻ ഗെയിംസിൽ നാല് തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.

Content Highlights: Milkha Singh Battles Rough Day Oxygen Saturation Level Dips