ചണ്ഡീഗഢ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ്ങിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതുമൂലമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചണ്ഡീഗഢിലെ സ്വകാര്യ ആശുപത്രിയില്‍ മില്‍ഖ സിങ് ഇപ്പോള്‍ ചികിത്സയിലാണ്. 

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓട്ടക്കാരനായ മില്‍ഖ സിങ് ഈയിടെയാണ് കോവിഡിനെ പൊരുതിത്തോല്‍പ്പിച്ചത്. കഴിഞ്ഞ മാസം കോവിഡ് ബാധിച്ചതുമൂലം മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന താരം മേയ് 24 ആശുപത്രി വിട്ടു. എന്നാല്‍ വീട്ടിലെത്തിയ ശേഷവും ശ്വാസതടസ്സം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് ഓക്ജിസന്‍ നല്‍കിവരികയായിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി വഷളായതോടെ ആശുപത്രിയില്‍ വീണ്ടും പ്രവേശിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മില്‍ഖാ സിങ്ങിന്റെ ഭാര്യ നിര്‍മല്‍ കൗറിനും കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിര്‍മല്‍ കൗറും ആശുപത്രിയില്‍ ചികിത്സയിലാണ്. 

പറക്കും സിങ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിമ്പിക്‌സിലും 1960 റോം ഒളിമ്പിക്‌സിലും 1964 ടോക്യോ ഒളിമ്പിക്‌സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. 

Content Highlights: Milkha Singh admitted to hospital again with dipping oxygen level, condition stable