ലൗസെയ്ന്‍: മിഷേല്‍ പ്ലാറ്റിനി യുവേഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഫിഫ വിലക്കിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സ്വിസര്‍ലാന്റിലെ കായിക തര്‍ക്ക പരിഹാര കോടതി തള്ളിയതിന് പിന്നാലെയാണ് പ്ലാറ്റിനി സ്ഥാനമൊഴിഞ്ഞത്. അതേ സമയം പ്ലാറ്റിനിയുടെ ആറ് വര്‍ഷത്തെ വിലക്ക് നാല് വര്‍ഷമായും 53 ലക്ഷം രൂപയുടെ പിഴ 40 ലക്ഷമായും കോടതി കുറച്ചിട്ടുണ്ട്. അപ്പീല്‍ തള്ളിയതോടെ ജൂണില്‍ ഫ്രാന്‍സില്‍ നടക്കുന്ന യൂറോകപ്പ് ഫുട്‌ബോളിന്റെ സംഘാടക സമിതിയില്‍ പ്ലാറ്റിനി ഉണ്ടാകില്ലെന്ന് ഉറപ്പായി. യൂറോപ്പ ലീഗ് ഫൈനലിന് മുന്നോടിയായി ബെയ്‌സലില്‍ മെയ് 18ന് നടക്കുന്ന യോഗത്തില്‍ പ്ലാറ്റിനിക്ക് പകരം ആളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കും. 

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്ലാറ്റിനിയെ ഫിഫയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. 2011ല്‍ അന്നത്തെ ഫിഫ പ്രസിഡന്‍ന്റ് സെപ് ബ്ലാറ്ററില്‍ നിന്ന്  രേഖകളില്ലാതെ പതിമൂന്നരക്കോടി രൂപ സ്വീകരിച്ചുവെന്നായിരുന്നു പ്ലാറ്റിനിക്കെതിരായ പ്രധാന പരാതി. 1999 മുതല്‍ 2002 വരെ ഫിഫയുടെ ഉപദേശകനായി സേവനമനുഷ്ഠിച്ചതിനുള്ള പ്രതിഫലമായിട്ടാണ് പ്ലാറ്റിനി പതിമൂന്നരക്കോടി രൂപ വാങ്ങിയത്. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരെയും എട്ട് വര്‍ഷത്തേക്ക് ഫിഫ എതിക്‌സ് കമ്മിറ്റി വിലക്കിയത്. പിന്നീട് ഫെബ്രുവരിയില്‍ വിലക്ക് ആറ് വര്‍ഷമാക്കി ചുരുക്കുകയായിരുന്നു. മുന്‍ ഫ്രഞ്ച് താരമായി പ്ലാറ്റിനി രാജ്യത്തിനായി 72 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകള്‍ നേടിയിട്ടുണ്ട്.