പാരിസ്: 2022-ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ യുവേഫ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവുമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. ചൊവ്വാഴ്ച വൈകിട്ട് പാരീസില്‍ വെച്ചാണ് പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

2007 മുതല്‍ 2015 വരെ യുവേഫ പ്രസിഡന്റായിരുന്നു പ്ലാറ്റിനി. 63-കാരനായ പ്ലാറ്റിനിയെ ആന്റി കറപ്ഷന്‍ ഓഫീസില്‍ എത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ സെക്രട്ടറി ജനറലിനെയും ചോദ്യം ചെയ്യും.

ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതില്‍ അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന മിഷേല്‍ പ്ലാറ്റിനി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് അന്വേഷണ മാധ്യമമായ മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തറിനു ലോകകപ്പ് വേദി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു അവരുടെ റിപ്പോര്‍ട്ട്.

മീഡിയാപാര്‍ട്ടിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതില്‍ പ്ലാറ്റിനിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. വേദി അനുവദിക്കുന്നതു സംബന്ധിച്ച് നടത്തിയ വോട്ടെടുപ്പില്‍ പ്ലാറ്റിനി ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചൈനയെ മറികടന്ന് ഖത്തര്‍ ലോകകപ്പ് വേദി സ്വന്തമാക്കിയതിനു പിന്നില്‍ അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന പ്ലാറ്റിനിയുടെ ഇടപെടലുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. മുന്‍ ഫിഫ പ്രസിഡന്റ്  സെപ് ബ്ലാറ്റര്‍ എഴുതിയ പുസ്തകത്തിലും ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

ഇക്കാര്യങ്ങളെല്ലാം ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ഫ്രഞ്ച് അന്വേഷണ മാധ്യമം മീഡിയാപാര്‍ട്ട് പുറത്തുവിട്ടത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണ് പ്ലാറ്റിനിയോട് ഖത്തറിനു വേദി മറിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഖത്തര്‍ ഭരണാധികാരിയുമായി സര്‍ക്കോസിക്കുള്ള അടുപ്പമാണ് ഇതിലേക്ക് നയിച്ചത്. 

ഇതിനു പിന്നാലെ പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ഖത്തര്‍ വ്യവസായ മേഖലയില്‍ നിന്ന് വലിയ നിക്ഷേപം എത്തിയിരുന്നു. സര്‍ക്കോസി പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ഇത്. ഇതെല്ലാം ഖത്തറിന് ലോകകപ്പ് വേദി നല്‍കാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: michel platini arrested over awarding 2022 fifa world cup to qatar