സതാംപ്ടൺ: കറുത്ത വർഗക്കാരയതിന്റെ പേരിൽ മാതാപിതാക്കൾ അനുഭവിച്ച യാതനകളെ കുറിച്ച് തുറന്നുപറഞ്ഞ് വെസ്റ്റിൻഡീസിന്റെ മുൻ ക്രിക്കറ്റ് താരം മൈക്കൽ ഹോൾഡിങ്. ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരത്തിനിടയിലെ ആദ്യ ദിനത്തിൽ വർണവെറിയ്ക്കെതിരേ പ്രതികരിക്കുമ്പോഴാണ് മൈക്കൽ ഹോൾഡിങ് കരയാൻ തുടങ്ങിയത്. ജീവിതത്തിൽ നേരിട്ട ക്രൂരതകളെ കുറിച്ചോർക്കുമ്പോഴും അച്ഛനേയും അമ്മയേയും ഓർക്കുമ്പോഴും തന്റെ കണ്ണു നനയുമെന്ന് ഹോൾഡിങ് പറയുന്നു.

'എന്റെ മാതാപിതാക്കൾ അനുഭവിച്ച യാതനകളെ കുറിച്ച് ഓർക്കുമ്പോഴാണ് എനിക്ക് സഹിക്കാനാവാതെ വരുന്നത്. എന്തെല്ലാം പ്രതിസന്ധികളൂടെയാണ് അവർ കടന്നുപോയതെന്ന് എനിക്ക് നന്നായി അറിയാം. എന്റെ അച്ഛന്റെ നിറം കറുപ്പായതിനാൽ അമ്മയുടെ കുടുംബാംഗങ്ങൾ അമ്മയോട് സംസാരിക്കില്ല. അവർ നേരിട്ട പ്രയാസങ്ങൾ എനിക്ക് മനസ്സിലാവും. ആ സമൂഹത്തിൽ ജീവിച്ചിട്ടില്ലാത്ത നമുക്ക് അങ്ങനെയെല്ലാം കേൾക്കുമ്പോൾ ചിരി വരും. എന്നാൽ യാഥാർഥ്യം അതാണ്. കറുത്ത വർഗക്കാരൻ ആണെന്ന ചിന്ത മാറ്റിവെച്ചിട്ട് ജീവിക്കാനാകില്ല. മുമ്പോട്ടു പോകാനാകില്ല. ഞാൻ എന്താണ് പറയുന്നതെന്നും എവിടെ നിന്നാണ് വരുന്നതെന്നും ആളുകൾക്ക് മനസിലാകുന്നുണ്ടാകും.

വർണവെറിയും വംശീയ അധിക്ഷേപവും ഇല്ലാതാക്കുക എന്നത് എളുപ്പത്തിൽ സാധ്യമാകുന്ന കാര്യമല്ല. ഒച്ചിഴയുന്ന വേഗത്തിലാകും അതു നടക്കുക. എന്നിരുന്നാലും അത് ശരിയായ ദിശയിലേക്കാണ് പോകുന്നത് എന്നത് പ്രതീക്ഷ നൽകുന്നതാണ്. ഹോൾഡിങ് വ്യക്തമാക്കുന്നു.

Content Highlights: Michael Holding breaks down in tears,  Michael Holding on racism faced by his parents