Photo: twitter.com|FCBarcelona
ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ഒസാസൂനയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിച്ചശേഷം അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ആദരമര്‍പ്പിച്ച് ബാഴ്‌സ താരം ലയണല്‍ മെസ്സി.
അര്‍ജന്റീന ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലെ മാറഡോണയുടെ 10-ാം നമ്പര്‍ ജേഴ്‌സി ഉള്ളില്‍ ധരിച്ചായിരുന്നു മെസ്സി കളിക്കിറങ്ങിയത്. 73-ാം മിനിറ്റില്‍ ഗോളടിച്ച ശേഷം മെസ്സി തന്റെ ബാഴ്‌സ ജേഴ്‌സി അഴിച്ച് മാറ്റി മാറഡോണയുടെ വിഖ്യാതമായ 10-ാം നമ്പര്‍ ജേഴ്‌സി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ കൈകള്‍ മുകളിലേക്കുയര്‍ത്തി ഇതിഹാസ താരത്തിന് ആദരമര്‍പ്പിക്കുകയും ചെയ്തു.
മാറഡോണയുടെ മരണത്തിന് ശേഷമുള്ള മെസ്സിയുടെയും ബാഴ്‌സയുടെയും ആദ്യ മത്സരമായിരുന്നു ഇത്. 73-ാം മിനിറ്റില്‍ രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് ബോക്‌സിന്റെ പുറത്തുനിന്ന് തൊടുത്ത ഷോട്ട് മെസ്സി വലയിലെത്തിക്കുകയായിരുന്നു.
ഒസാസൂനയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ മറികടന്നത്. 29-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റ്, 42-ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍, 57-ാം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞ്യോ, 73-ാം മിനിറ്റില്‍ മെസ്സി എന്നിവരാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി ബാഴ്‌സ ലീഗില്‍ ഏഴാം സ്ഥാനത്താണ്.
Content Highlights: Messi honours Maradona with Newell Old Boys shirt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..