ന്യൂഡല്‍ഹി: അടുത്ത മാസം ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് നടത്താനിരുന്ന ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നീട്ടിവെച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ ഒന്‍പത് വരെ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഡിസംബറിലേക്ക് നീട്ടി. 

ബംഗ്ലാദേശ് ഹോക്കി ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ശമനം വരാത്ത സാഹചര്യം കണക്കിലെടുത്താണ് തീയതി നീട്ടിയത്. 

നിലവിലെ സാഹചര്യത്തില്‍ താരങ്ങള്‍ കോവിഡ് ടെസ്റ്റിനും ക്വാറന്റീനിനുമെല്ലാം വിധേയരാകേണ്ടിവരും. അത് മത്സരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 24 മുതല്‍ 31 വരെ നടക്കുന്ന വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റും നീട്ടാനാണ് സാധ്യത. സൗത്ത് കൊറിയയിലെ ഡോങ്ഘായിലാണ് മത്സരം നടക്കുക.

2011 തൊട്ടാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിച്ചത്. ആദ്യ വര്‍ഷം ഇന്ത്യയാണ് ടൂര്‍ണമെന്റില്‍ ജേതാക്കളായത്. 2018 ലാണ് അവസാനമായി ചാമ്പ്യന്‍സ് ട്രോഫി നടന്നത്. അതില്‍ ഇന്ത്യയെയും പാകിസ്താനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്താനുമല്ലാതെ മറ്റൊരു രാജ്യവും ഇതുവരെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടിട്ടില്ല.

Content Highlights: Men's Asian Champions Trophy postponed to December