ബേ ഓവല്‍: പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരം മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ഏകദിന ടീമില്‍. ബുധനാഴ്ച്ച ഹാമില്‍ട്ടണില്‍ തുടങ്ങുന്ന ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ മായങ്ക് അഗര്‍വാള്‍ റിസര്‍വ് ഓപ്പണറായി ടീമിലുണ്ടാകും. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും പൃഥ്വി ഷായും നേരത്തെ പ്രഖ്യാപിച്ച ഏകദിന ടീമിലുണ്ട്. 

ശിഖര്‍ ധവാനും രോഹിത് ശര്‍മയും പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍, കെ.എല്‍ രാഹുല്‍ അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങുകയാണെങ്കില്‍ പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാകും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരാകുക. ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള മായങ്ക് ഇതുവരെ ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ടില്ല. മൂന്നു ഏകദിനങ്ങളാണ്‌ പരമ്പരയിലുള്ളത്‌.

അതേസമയം ടെസ്റ്റ് ടീമില്‍ രോഹിതിന് പകരം ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കുമെന്നാണ് സൂചന. ന്യൂസീലന്‍ഡിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിനായി ശുഭ്മാന്‍ പുറത്താകാതെ 204 റണ്‍സ് അടിച്ചിരുന്നു. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര ഫെബ്രുവരി 21-നാണ് തുടങ്ങുന്നത്. 

ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ട്വന്റി-20 മത്സരത്തിനിടെയാണ് രോഹിതിന് പരിക്കേറ്റത്. ഇന്നിങ്‌സ് പൂര്‍ത്തിയാക്കാതെ മടങ്ങിയ താരം പിന്നീട് ഫീല്‍ഡിങ്ങിനും ഇറങ്ങിയിരുന്നില്ല. 41 പന്തില്‍ 60 റണ്‍സെടുത്തു നില്‍ക്കെ ഇടതുകാലിലെ പേശീ വേദന സഹിക്കാനാകാതെ താരം ക്രീസ് വിടുകയായിരുന്നു. തുടര്‍ന്ന് ഏകദിന, ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു.

Content Highlights: Mayank Agarwal Replaces Rohit Sharma For New Zealand ODIs