ബെംഗളൂരു: 2007-ല്‍ നടന്ന ഇന്ത്യക്കെതിരായ മത്സരങ്ങളൊന്നും ഓര്‍ക്കാന്‍ ഓസ്‌ട്രേലിയ ഇഷ്ടപ്പെടുന്നുണ്ടാകില്ല. ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതും അതിനുശേഷം ട്വന്റി-20 പരമ്പരയിലും ഏകദിന പരമ്പരയിലും പരാജയപ്പെട്ടതുമെല്ലാം 2007-ലായിരുന്നു. അന്നത്തെ ആ മത്സരദിവസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

'പരസ്പരം പ്രകോപിപ്പിക്കുന്ന രീതിയിലുള്ള സ്ലെഡ്ജിങ് അന്നത്തെ മത്സരങ്ങളില്‍ സാധാരണയായിരുന്നു. ചിലര്‍ തിരിച്ചെന്തെങ്കിലും മറുപടി പറയും. മറ്റു ചിലര്‍ ചിരിയോടെ നേരിടും. ഞാനും ഗൗതം ഗംഭീറുമെല്ലാം എന്തെങ്കിലും തിരിച്ചുപറയും. ആന്‍ഡ്രൂ സൈമണ്ട്‌സ്, മിച്ചല്‍ ജോണ്‍സണ്‍, ബ്രാഡ് ഹാഡ്ഡിന്‍ എന്നിവര്‍ക്കെല്ലാം ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. മാത്യു ഹെയ്ഡനുമായുള്ള സംഭാഷണമായിരുന്നു അതില്‍ ഏറ്റവും പ്രയാസകരം. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഹെയ്ഡന്‍ എനിക്ക് പ്രചോദനമാണ്. എന്റെ 'വാക്കിങ് ഷോട്ട്' വരെ അദ്ദേഹത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ്. 

പക്ഷേ അന്ന് സ്ലെഡ്ജിങ്ങിന്റെ ഭാഗമായി ഹെയ്ഡന്‍ എന്നോട് ഒരു കാര്യം പറഞ്ഞു. ഞാന്‍ തിരിച്ചുംപറഞ്ഞു. അതു എന്താണെന്ന് വെളിപ്പെടുത്താന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. തുടര്‍ന്ന് 2-3 വര്‍ഷത്തോളം ഹെയ്ഡന്‍ എന്നോട് മിണ്ടിയില്ല. എന്നോട് സൗഹൃദം കാണിച്ചില്ല. അതു എന്നെ വേദനിപ്പിച്ചു. അന്ന് വിജയിക്കുക എന്ന ഉദ്ദേശത്തിലാണ് പ്രകോപിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചത്. അന്നു ഇന്ത്യ വിജയിക്കുകയും ചെയ്തു. പക്ഷേ എനിക്ക് പ്രചോദനമായ ഒരാളുമായുള്ള സൗഹൃദമാണ് ആ വിജയത്തിലൂടെ എനിക്ക് നഷ്ടമായത്.' സ്റ്റാന്റ് അപ് കൊമേഡിയനായ സൗരഭ് പന്തിന്റെ 'വെയ്ക്ക് അപ് വിത് സൗരഭ്'  എന്ന യുട്യൂബ് ഷോയില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.

Content Highlights: Matthew Hayden Didn’t Speak To Me For 2-3 Years says Robin Uthappa