മേരി കോം | Photo:ANI
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനും ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാനും ഒളിംപിക്സ് മെഡല്‍ ജേതാവ് മേരി കോം അധ്യക്ഷയായുള്ള സമിതി രൂപീകരിച്ചു. കായികമന്ത്രി അനുരാഗ് ഠാക്കൂറാണ് തിങ്കളാഴ്ച സമിതിയെ നിയമിച്ചത്. ലൈംഗികാരോപണങ്ങളിലും സാമ്പത്തിക ക്രമക്കേടുകളിലും സമിതി വ്യക്തമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാന്‍ മേല്‍നോട്ടസമിതിയെ രൂപവത്ക്കരിക്കുമെന്ന് മന്ത്രി ശനിയാഴ്ച ഉറപ്പ് നല്‍കിയിരുന്നു.
ശനിയാഴ്ചയായിരുന്നു ഗുസ്തിതാരങ്ങള്‍ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചത്. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു താരങ്ങള്‍ സമരം പിന്‍വലിച്ചത്. അതേസമയം തനിക്കെതിരേ പ്രതിഷേധിക്കുകയും ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത മുന്‍നിര ഗുസ്തി താരങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടിവന്ന ബ്രിജ് ഭൂഷണ് ശരണ്‍ സിങ് ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് പണം തട്ടിയെടുക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും താരങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
വനിതാതാരങ്ങള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഗുസ്തിതാരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും നടപടി ആരംഭിച്ചു. അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച വൈകീട്ട് ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തരയോഗത്തില്‍ വിഷയം അന്വേഷിക്കാന്‍ ഏഴംഗസമിതി രൂപവത്കരിച്ചു. മേരി കോം, ദോള ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹ്ദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരുമുള്‍പ്പെടുന്നതാണ് സമിതി.
Content Highlights: Mary Kom To Lead Panel To Manage Wrestling Body Affairs
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..