ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക ബോക്സിങ് താരം മേരികോമും ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങും. തിങ്കളാഴ്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂലൈ എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗുസ്തി താരം ബജ്റംഗ് പുനിയ ആകും പതാകയേന്തുക.

126 അത്ലറ്റുകളും 75 ഒഫീഷ്യലുകളും അടക്കം 201 പേരാണ് ഒളിമ്പിക്സിനായി ഇന്ത്യയിൽ നിന്ന് ടോക്കിയോയിലേക്ക് വിമാനം കയറുക. ഇതിൽ 56% പുരുഷൻമാരും 44% സ്ത്രീകളുമാണ്.

ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ആദ്യമായി ഇന്ത്യൻ പതാകയേന്തിയത് അത്ലറ്റ് പർമ ബാനർജിയാണ്. 1920-ൽ ബെൽജിയത്തിലെ ആന്റ്വെപിൽ നടന്ന ഒളിമ്പിക്സിലാണ് 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പർമ പതാകയേന്തിയത്. ഇതുവരെ 17 താരങ്ങളാണ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്. അതിൽ എട്ടു പേർ ഒളിമ്പിക്സിൽ മെഡൽ നേടിയവരാണ്.

ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ടു വരെയാണ് ടോക്കിയോയിൽ ഒളിമ്പിക്സ് നടക്കുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.

Content Highlights: Mary Kom Manpreet Singh To Be Indias Flag Bearers At Opening Ceremony Tokyo Olympics