ടോക്യോ: ടോക്യോയിലെ കാലാവസ്ഥ തന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് പാരാലിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു. 

ചൊവ്വാഴ്ച തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക്‌സിലും മാരിയപ്പന്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയിരുന്നു. പുരുഷന്മാരുടെ (ടി 42 വിഭാഗം) ഹൈജമ്പില്‍ 1.86 മീറ്റര്‍ ചാടിയാണ് തമിഴ്നാട്ടുകാരന്‍ മാരിയപ്പന്‍ വെള്ളിനേടിയത്. 

ഇതിനു പിന്നാലെയാണ് തനിക്ക് സ്വര്‍ണ മെഡല്‍ ലഭിക്കേണ്ടതായിരുന്നുവെന്നും ടോക്യോയിലെ മഴയാണ് അതിന് തടസമായതെന്നും ചൂണ്ടിക്കാട്ടി താരം രംഗത്തെത്തിയത്. 

''സ്വര്‍ണ മെഡലും ലോക റെക്കോഡും (1.96 മീറ്റര്‍) ഞാന്‍ സ്വന്തമാക്കേണ്ടതായിരുന്നു. ആ ലക്ഷ്യത്തിനായാണ് ഞാന്‍ ഇവിടെയെത്തിയത്. പക്ഷേ മഴ കളിച്ചു. തുടക്കത്തില്‍ ചാറ്റല്‍ മഴയായിരുന്നു. പക്ഷേ 1.80 മീറ്റര്‍ പിന്നിട്ടതോടെ മഴ കനത്തു.'' - മത്സര ശേഷം മാരിയപ്പന്‍ പറഞ്ഞു. 

ഇതേയിനത്തില്‍ ഇന്ത്യയുടെ തന്നെ ശരദ് കുമാര്‍ (1.83 മീറ്റര്‍) വെങ്കലം നേടി. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ (എസ്.എച്ച്.1) ഹരിയാണക്കാരന്‍ സിങ്രാജ് അദാനയും വെങ്കലം നേടിയതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ 10 ആയി. ഭിന്നശേഷിക്കാരുടെ ലോക കായികമേളയായ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. രണ്ടു സ്വര്‍ണവും അഞ്ചു വെള്ളിയുമടക്കം 10 മെഡലുമായി പട്ടികയില്‍ 30-ാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ.

26-കാരനായ മാരിയപ്പന് പാരാലിമ്പിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം മെഡലാണിത്. 2016-ല്‍ റിയോയില്‍ സ്വര്‍ണം നേടിയിരുന്നു. ഇക്കുറിയും സ്വര്‍ണപ്രതീക്ഷയിലായിരുന്നെങ്കിലും മൂന്നാമത്തെ ചാട്ടത്തില്‍ അമേരിക്കയുടെ സാം ഗ്രീവ് 1.88 മീറ്റര്‍ ചാടി മാരിയപ്പനെ മറികടന്നു.

തമിഴ്നാട് സേലം സ്വദേശിയായ മാരിയപ്പന് അഞ്ചുവയസ്സുള്ളപ്പോള്‍ ബസ്സപകടത്തിലാണ് വലംകാലിന്റെ സ്വാധീനം നഷ്ടമായത്. തുടര്‍ന്ന് അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചുപോയി. അമ്മ ജോലിചെയ്ത് കുടുംബം പോറ്റിയതിനൊപ്പം മകന്റെ കായികതാത്പര്യങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി.

Content Highlights: Mariyappan Thangavelu blamed weather conditions for missing out gold medal