ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അധികൃതരില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന ആരോപണവുമായി ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകര്‍.
ഭോപ്പാലിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവമെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. തന്നെ വിമാനത്തില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞുവെന്നും പരിശീലനത്തിന്റെ ഭാഗമായി തോക്കുകളും വെടിയുണ്ടകളും കൈവശമുണ്ടായിരുന്നതിനാല്‍ ക്രിമിനലിനോടെന്ന പോലെയാണ് വിമാനത്താവള അധികൃതര്‍ പെരുമാറിയതെന്നും താരം ആരോപിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു എന്നിവരെ ടാഗ് ചെയ്തായിരുന്നു ഭാകറിന്റെ ട്വീറ്റ്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പെര്‍മിറ്റ് അടക്കമുള്ള സാധുവായ എല്ലാ രേഖകളും തന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്നും എന്നിട്ടും താന്‍ അപമാനിക്കപ്പെട്ടുവെന്നും 19-കാരിയായ താരം കുറിച്ചു. അതേസമയം എയര്‍ലൈന്‍ അധികൃതര്‍ തന്നോട് 10,200 രൂപ ആവശ്യപ്പെട്ടുവെന്നും താരം പറയുന്നു.
Think this type behaviour is not acceptable .Manoj Gupta is not even human. He is treating me like I am a criminal. Also his security incharge Such people need basic training of behaviour hopefully Aviation ministry will find out &will send him to right place @HardeepSPuri pic.twitter.com/UlzLy3v974
— Manu Bhaker (@realmanubhaker) February 19, 2021
എന്നാല്‍ പിന്നീട് കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ഇടപെടലിനെ തുടര്‍ന്ന് താരത്തിന് വിമാനത്തില്‍ കയറാന്‍ സാധിച്ചു.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് മനു ഭാകര്‍. കഴിഞ്ഞ വര്‍ഷം വ്യക്തിഗത ഇനങ്ങളില്‍ അഞ്ച് ലോകകപ്പ് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയ താരമാണ്.
Content Highlights: Manu Bhaker accuses officials at Delhi airport of treating her like criminal