ന്യൂഡൽഹി: ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടം കുറിച്ച ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം മണിക ബത്രയടക്കമുള്ള ഏഴു താരങ്ങള്‍ക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ. മെല്‍ബണില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന ഐ.ടി.ടി.എഫ് ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ട താരങ്ങളെ ഒഴിവാക്കി എയര്‍ ഇന്ത്യ വിമാനം മെല്‍ബണിലേക്ക് പറന്നു.

 ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഇക്കാര്യം ഇന്ത്യന്‍ താരം മണിക ബത്ര ട്വിറ്ററില്‍ കുറിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മണിക.

ഏഴു ഇന്ത്യന്‍ താരങ്ങളും ടീം ഒഫീഷ്യല്‍സും അടക്കം 17 പേരടങ്ങിയ സംഘമാണ് മെല്‍ബണിലേക്ക് പോകാനായി എത്തിയത്. എന്നാല്‍ പത്തു പേര്‍ക്കു മാത്രമാണ് എയര്‍ ഇന്ത്യ ബോര്‍ഡിങ് പാസ് അനുവദിച്ചത്. ഏഴു താരങ്ങള്‍ക്ക് വിമാനം ഓവര്‍ബുക്കിങ് ആണെന്ന കാര്യം പറഞ്ഞ് യാത്ര നിഷേധിക്കുകയായിരുന്നു. ഇതോടെ കളിക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

മണിക ബത്ര, ശരത് കമല്‍, മൗമ ദാസ്, മധുരിക, ഹര്‍മീത്, സുഥീര്‍ത്ത, സത്യന്‍ എന്നിവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. കളിക്കാരില്‍ ചിലര്‍ വൈകിയെത്തിയതും ഇവരുടെ ടിക്കറ്റ് ബുക്ക് ചെയ്തത് വ്യത്യസ്ത പി.എന്‍.ആറില്‍ ആയതിനാലുമാണ് യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നതെന്നും എയര്‍ ഇന്ത്യ ചൂണ്ടിക്കാട്ടി.

ഇതിനു പിന്നാലെ സംഭവം മണിക ബത്ര സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും ഇക്കാര്യത്തില്‍ അടിയന്തിരശ്രദ്ധ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ട്വീറ്റ്.

ഇതിനു പിന്നാലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ നീലം കപൂര്‍ വിഷയത്തില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തതായി വ്യക്തമാക്കി. ഇന്നു തന്നെ താരങ്ങള്‍ക്ക് മെല്‍ബണിലേക്കു തിരിക്കാം. ഇതിനായി റ്റൊരു വിമാനത്തില്‍ സീറ്റുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

സംഭവത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ എയര്‍ ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തി. കായിക താരങ്ങളെ അത്യധികം ബഹുമാനിക്കുന്നവരാണ് തങ്ങള്‍. കളിക്കാര്‍ക്ക് തങ്ങാനായി ഹോട്ടല്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവരെ അടുത്തദിവസം തന്നെ മെല്‍ബണിലെത്തിക്കും. എയര്‍ ഇന്ത്യ അറിയിച്ചു.

Content Highlights: manika batra six other table tennis players denied boarding by air india