ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലകന്‍ സൗമ്യദീപ് റോയിക്കെതിരേ ഗുരുതര ആരോപണവുമായി ടേബിള്‍ ടെന്നീസ് താരം മണിക ബത്ര. 

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ക്കിടെ സൗമ്യദീപ് തന്നെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ബത്രയുടെ ആരോപണം. 

ടോക്യോ ഒളിമ്പിക്‌സിനിടെ പരിശീലകന്റെ സഹായം ആവശ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് ബത്ര ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. 

ദോഹയില്‍ നടന്ന യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കിടെ സൗമ്യദീപ് പരിശീലിപ്പിക്കുന്ന താരത്തിന് യോഗ്യത നേടുന്നതിനായി തന്നോട് തോറ്റുകൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇക്കാരണത്താലാണ് ടോക്യോ ഒളിമ്പിക്‌സിനിടെ അദ്ദേഹത്തിന്റെ സേവനം തേടാതിരുന്നതെന്നും താരം വ്യക്തമാക്കി. 

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഒത്തുകളിക്കാന്‍ നിര്‍ബന്ധിച്ച വ്യക്തി ഒപ്പമുള്ളപ്പോള്‍ തനിക്ക് മത്സരത്തില്‍ വേണ്ടതരത്തിലുള്ള ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നും ബത്ര കൂട്ടിച്ചേര്‍ത്തു.

ബത്രയുടെ ആരോപണത്തോട് ഇതുവരെ  സൗമ്യദീപ് പ്രതികരിച്ചിട്ടില്ല. ടോക്യോയില്‍ മത്സരങ്ങള്‍ക്കായി ബത്ര, മുഖ്യപരിശീലകന്‍ സൗമ്യദീപ് റോയിയുടെ സഹായം നിരസിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഒളിമ്പിക്‌സില്‍ മൂന്നാം റൗണ്ട് വരെയെത്താന്‍ താരത്തിന് സാധിച്ചിരുന്നു. 

Content Highlights: Manika Batra alleges national coach asked her to fix match