മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പഞ്ചാബിന്റെ ക്യാപ്റ്റനാണ് മന്‍ദീപ് സിങ്ങ്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരേ ടീമിനെ വിജയത്തിലേക്ക് നയിക്കാനും മന്‍ദീപിന് കഴിഞ്ഞു. 122 റണ്‍സടിച്ച മന്‍ദീപിന്റെ മികവില്‍ പത്ത് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. മന്‍ദീപ് കളിയിലെ താരമാവുകയും ചെയ്തു.

എന്നാല്‍ മത്സരശേഷം മന്‍ദീപ് ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മന്‍ദീപ് ചെയ്ത ഒരു ട്വീറ്റാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. സമ്പന്നരായ മാതാപിതാക്കളില്ലാതെ, ആരുടേയും ശുപാര്‍ശകളില്ലാതെ, എല്ലാ ദിവസവും എപ്പോഴും കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയതെന്നായിരുന്നു മന്‍ദീപിന്റെ ട്വീറ്റ്.

എന്നാല്‍ ഇതിന് പിന്നാലെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. സമ്പന്നരായ മാതാപിതാക്കളുടെ മക്കള്‍ക്ക് അനായാസം എല്ലാം സാധ്യാമാകുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. അവര്‍ക്ക് കഷ്ടപ്പാട് സഹിക്കാതെ ടീമിലെത്താനാകുമോ എന്നും മന്‍ദീപിനോട് ആരാധകര്‍ ചോദിച്ചു. ഇതോടെ താരം ട്വീറ്റ് ഡിലീറ്റ് ചെയ്തു. 

പിന്നീട് മന്‍ദീപ് വിശദീകരണവുമായി രംഗത്തുവന്നു. അത് ഒരു ഉദ്ധരണി മാത്രമാണെന്നും അതില്‍ അധികവായന നടത്തരുതെന്നും മന്‍ദീപ് വ്യക്തമാക്കി. എന്റെ രക്ഷിതാക്കള്‍ സമ്പന്നരല്ല. പക്ഷേ സമ്പന്നരുടെ മക്കള്‍ക്ക് കഷ്ടപ്പാടനുഭവിക്കേണ്ടതില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, മന്‍ദീപ് കൂട്ടിച്ചേര്‍ത്തു. 

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരമാണ് മന്‍ദീപ്. 2010 അണ്ടര്‍-19 ലോകകപ്പിന് ശേഷമാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 2012 ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി 16 മത്സരങ്ങളില്‍ നിന്ന് 432 റണ്‍സ് നേടി. 2016 ഡിസംബറില്‍ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. അര്‍ധ സെഞ്ചുറിയും കണ്ടെത്തി. 

Content Highlights: Mandeep Singh deletes tweet after critcism from fans