ബാഴ്‌സലോണ: മുന്‍ ഫുട്‌ബോള്‍ താരവും പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റി പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് ഡോളോഴ്‌സ് സാല കാരിയോ കോവിഡ് രോഗബാധ മൂലം മരിച്ചു. 82 വയസായിരുന്നു.

മാഞ്ചെസ്റ്റര്‍ സിറ്റിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഗ്വാര്‍ഡിയോളയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി മാഞ്ചെസ്റ്റര്‍ സിറ്റി ട്വീറ്റ് ചെയ്തു.

കോവിഡ് കാരണം ഫുട്‌ബോള്‍ ലീഗുകളെല്ലാം തന്നെ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ സ്വദേശമായ സ്‌പെയിനിലാണ് ഗ്വാര്‍ഡിയോള. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പരിശീലകനായിരുന്ന അദ്ദേഹം പിന്നീട് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിലേക്ക് പോയിരുന്നു. 2016 ജൂലായ് മുതലാണ് സിറ്റിയുടെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്.

കോവിഡ് ബാധിച്ച് തിങ്കളാഴ്ച 637 പേര്‍ കൂടി മരിച്ചതോടെ രോഗം ബാധിച്ച് സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം 13,055 ആയി.

നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്പെയിനിലെ ആശുപത്രികള്‍ക്ക് ഒരു മില്ല്യന്‍ യൂറോ (ഏകദേശം എട്ടുകോടിയിലേറെ രൂപ) ഗ്വാര്‍ഡിയോള സംഭാവന ചെയ്തിരുന്നു. കാറ്റലോണിയ പ്രദേശത്തെ ആശുപത്രികള്‍ക്കാണ് ഗ്വാര്‍ഡിയോള സഹായം നല്‍കിയത്.

ഇതിനൊപ്പം ബാഴ്സലോണ മെഡിക്കല്‍ കോളേജും ഏയ്ഞ്ചല്‍ സോളെര്‍ ഡാനിയല്‍ ഫൗണ്ടേഷനും ചേര്‍ന്നുള്ള കോവിഡ് ക്യാമ്പെയ്നിനും ഗ്വാര്‍ഡിയോള സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

Content Highlights: Manchester City manager Pep Guardiola's mother died contracting coronavirus