ജോഹന്നാസ്ബർഗ്: വംശവെറിക്കെതിരേ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുമായി മുൻതാരം മഖായ എന്റിനി. സഹതാരങ്ങളിൽ നിന്ന് നിറത്തിന്റെ പേരിൽ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്നും തന്നെ എല്ലാവരും ഒറ്റപ്പെടുത്തിയിരുന്നെന്നുമാണ് എന്റിനിയുടെ വെളിപ്പെടുത്തൽ. സൗത്ത് ആഫ്രിക്കൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എന്റിനി.

എല്ലാവരും അത്താഴം കഴിക്കാൻ പോകുമ്പോൾ ആരും എന്റെ വാതിലിൽ വന്നു മുട്ടുകയോ എന്നെ വിളിക്കുകയോ ചെയ്യില്ല. എന്റെ മുന്നിൽ നിന്ന് മറ്റുള്ളവർ ഓരോ കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ഞാൻ വെറുമൊരു നോക്കുകുത്തിയായി നിന്നിട്ടുണ്ട്. അതുപോലെ പ്രഭാത ഭക്ഷണത്തിനായി ഇരിക്കുമ്പോൾ എന്റെ അടുത്തു വന്നിരിക്കാൻ ആരും തയ്യാറായിരുന്നില്ല. ഞങ്ങളെല്ലാം ഒരേ നിറത്തിലുള്ള ജഴ്സിയാണ് ധരിക്കുന്നത്. ഒരേ ദേശീയഗാനമാണ് ആലപിക്കുന്നത്. എന്നിട്ടും ഞാൻ ടീമിനുള്ളിൽ ഒറ്റപ്പെടൽ അനുഭവിച്ചു. ഇത് ഒഴിവാക്കാനായി പലപ്പോഴും ടീം ബസ്സിൽ യാത്ര ചെയ്യാതെ മാറിനിന്നിട്ടുണ്ട്. പകരം സ്റ്റേഡിയത്തിലേക്ക് ഞാൻ ഓടും. കിറ്റ് ഡ്രൈവറുടെ കൈവശം കൊടുക്കും. എന്നിട്ടായിരിക്കും ഈ ഓട്ടം. കളി കഴിഞ്ഞു തിരിച്ചുപോകുമ്പോഴും ഇതുതന്നെയാണ് ചെയ്യാറുള്ളത്. പക്ഷേ ടീമിലുള്ളവർക്ക് ഞാൻ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് തിരിച്ചറിയാനായിട്ടില്ല. ഞാൻ എന്തിനെയാണ് അവഗണിക്കാൻ ശ്രമിക്കുന്നത് എന്നതിനെ കുറിച്ച് അവർക്ക് അറിയില്ല. ടീം ബസ്സില്‍ പിന്നിലെ സീറ്റിലാണ് ഞാൻ ഇരിക്കുന്നതെങ്കിൽ മറ്റു താരങ്ങളെല്ലാം മുന്നിലെ സീറ്റിലേക്ക് മാറും. ടീം ജയിക്കുമ്പോൾ എല്ലാവരും സന്തോഷത്തിലാകും. എന്നാൽ തോറ്റാൽ ആദ്യം കുറ്റപ്പെടുത്തുക എന്നെയാണ്, എന്റിനി വ്യക്തമാക്കുന്നു.

തന്റെ മകൻ താണ്ടോയും ഇത്തരത്തിൽ വംശവെറിക്ക് ഇരയായിട്ടുണ്ടെന്നും എന്റിനി പറയുന്നു. ദക്ഷിണാഫ്രിക്കയുടെ അണ്ടർ-19 ടീമിൽ കളിക്കുന്ന താണ്ടോ പലപ്പോഴും അധിക്ഷേപം കാരണം കളിക്കാൻ പോകാതിരുന്നിട്ടുണ്ടെന്നും എന്റിനി ചൂണ്ടിക്കാട്ടുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന കാമ്പെയ്ന് പിന്തുണ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻതാരങ്ങൾ രംഗത്തെത്തിയിരുന്നു. ഈ 30 താരങ്ങളിൽ എന്റിനിയുമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റിൽ 390ഉം ഏകദിനത്തിൽ 266ഉം വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് എന്റിനി.