കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി മുന്‍ താരങ്ങളായ കുമാര്‍ സംഗക്കാരയും മഹേള ജയവര്‍ധനെയും. 2011 ലോകകപ്പില്‍ ലങ്കന്‍ ടീമിനെ നയിച്ചത് സംഗക്കാരയായിരുന്നു. അന്ന് ഫൈനലില്‍ സെഞ്ചുറി നേടിയ താരമാണ് ജയവര്‍ധനെ.

ഒത്തുകളി സംബന്ധിച്ച തെളിവുകളുണ്ടെങ്കില്‍ അദ്ദേഹമത് ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്ന് സംഗക്കാര ട്വിറ്ററില്‍ കുറിച്ചു. അങ്ങനെയെങ്കില്‍ ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ സാധിക്കുമെന്നും സംഗക്കാര കൂട്ടിച്ചേര്‍ത്തു. നേരത്തെ ഈ വിവാദത്തോട് പ്രതികരിച്ച മഹേള ജയവര്‍ധനെയുടെ ട്വീറ്റ്, റീ ട്വീറ്റ് ചെയ്തായിരുന്നു സംഗക്കാരയുടെ പ്രതികരണം.

Mahela Jayawardene, Kumar Sangakkara reacts 2011 World Cup Was Sold Claim

തിരഞ്ഞെടുപ്പ് അടുത്തെത്തിയോ എന്നായിരുന്നു വിവാദത്തോട് ജയവര്‍ധനെയുടെ പ്രതികരണം. 'സര്‍ക്കസ് തുടങ്ങിയെന്ന് തോന്നുന്നു. പേരുകളും തെളിവുകളും എവിടെ'? ജയവര്‍ധനെ ട്വിറ്ററില്‍ കുറിച്ചു.

Mahela Jayawardene, Kumar Sangakkara reacts 2011 World Cup Was Sold Claim

ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗാമേജയാണ് 2011 ലോകകപ്പില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. 2010 മുതല്‍ 2015 വരെ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്ന ഇദ്ദേഹം നിലവില്‍ രാജ്യത്തെ ഊര്‍ജ മന്ത്രി കൂടിയാണ്.

''2011-ലെ ലോകകപ്പ് ഫൈനല്‍ നമ്മള്‍ വിറ്റതാണ്. കായിക മന്ത്രിയായിരുന്നപ്പോഴും ഞാന്‍ ഇങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത്. 2011-ല്‍ നമ്മളായിരുന്നു ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ആ മത്സരം നമ്മള്‍ വിറ്റു. കളിക്കാരെ ഞാന്‍ ഇതിലേക്ക് കൂട്ടിച്ചേര്‍ക്കുന്നില്ല. എങ്കിലും ചില ഗ്രൂപ്പുകള്‍ ഇതില്‍ പങ്കാളികളാണ്'', അലുത്ഗാമേജ ശ്രീലങ്കന്‍ മാധ്യമമായ സിരാസ ടിവിയോട് പറഞ്ഞു. അതേസമയം തത്കാലം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ 1996-ല്‍ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകന്‍ അര്‍ജുന രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഫൈനല്‍ നടക്കുമ്പോള്‍ കമന്റേറ്ററായി രണതുംഗ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ഫീല്‍ഡിങ് പിഴവുകളും ക്യാച്ചുകള്‍ കൈവിട്ടുമുള്ള ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Content Highlights: Mahela Jayawardene, Kumar Sangakkara reacts 2011 World Cup Was Sold Claim