പ്രതീകാത്മക ചിത്രം | Photo: AP
ചണ്ഡീഗഢ്: ടോക്കിയോ ഒളിമ്പിക്സിന് പിന്നാലെ രാജ്യത്ത് ഹോക്കിക്ക് പ്രിയം ഏറി വരികയാണ്. വനിതാ ഹോക്കിയിലും പുരുഷ ഹോക്കിയിലും വൻ മുന്നേറ്റമാണ് ഇത്തവണത്തെ ഒളിമ്പിക്സിൽ ഇന്ത്യ കാഴ്ചവെച്ചത്. പുരുഷ ഹോക്കിയിൽ വെങ്കലം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ശക്തമായ പോരാട്ടം കാഴ്ചവെച്ചതിന് ശേഷമാണ് വനിതാ ഹോക്കി ടീം ഒളിമ്പിക്സിൽ നിന്ന് മടങ്ങിയത്. ഇതിന് പിന്നാലെ തങ്ങളുടെ വ്യാപാരത്തിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പഞ്ചാബിലെ ഹോക്കി സ്റ്റിക് ഉണ്ടാക്കി വിൽക്കുന്ന രണ്ട് കമ്പനികൾ പറയുന്നു.
ഇന്ത്യൻ വനിത - പുരുഷ ഹോക്കി താരങ്ങൾക്ക് ഒളിമ്പിക്സ് മത്സരങ്ങൾക്ക് വേണ്ടി ഹോക്കി സ്റ്റിക് ഉണ്ടാക്കി നൽകിയ കമ്പനികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചാബിലെ ജലന്ധർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രണ്ടു കമ്പനികളിലാണ് വ്യാപാരത്തിൽ മുമ്പെങ്ങുമില്ലാത്ത ഉയർച്ച ഇപ്പോൾ ഉണ്ടാകുന്നതായി പറയുന്നത്. 30 ശതമാനത്തോളം പുതിയ ഓർഡറുകളാണ് ഓളിമ്പിക്സിന് പിന്നാലെ ഇവിടെ ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
വനിതാ ഹോക്കി ടീമിലെ ആറ് താരങ്ങൾക്കും പുരുഷ ഹോക്കി ടീമിലെ രണ്ട് താരങ്ങൾക്കും അവർക്കനുയോജ്യമായ രീതിയിൽ തങ്ങൾ ഹോക്കി സ്റ്റിക്കുകൾ ഉണ്ടാക്കി കൊടുത്തു എന്ന് രക്ഷക് സ്പോർട്സ് ഉടമ സഞ്ജയ് കോഹ്ലി പറയുന്നു.
വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ കഴിഞ്ഞ 10 വർഷമായി തങ്ങളുടെ ഹോക്കി സ്റ്റിക്കുകളാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഇത്തവണ അവരുടെ സ്റ്റിക്കിൽ ഇന്ത്യയുടെ ഭൂപടം കൊത്തി വെക്കാനാണ് ആവശ്യപ്പെട്ടത്. അത് പോലെത്തന്നെ നികി പ്രധാൻ പച്ച നിറത്തിലുള്ള സ്റ്റിക്കാണ് ആവശ്യപ്പെട്ടത്, ശർമിള റാണിയും സിമ്രാൻജീത് സിങ്ങും കറുപ്പും മഞ്ഞയും നിറത്തിലുള്ള സ്റ്റിക്കുകളാണ് ആവശ്യപ്പെട്ടതെന്നും സഞ്ജയ് കോഹ്ലി പറഞ്ഞു.
പുരുഷ - വനിതാ ഹോക്കി ടീമിലെ എട്ട് താരങ്ങൾ തങ്ങളുടെ ഹോക്കി സ്റ്റിക്കാണ് ഉപയോഗിക്കുന്നതെന്ന് പൂജ എന്റർപ്രൈസ് ഉടമയായ നിതിൻ പറയുന്നു.
ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ - വനിതാ ടീമുകൾ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. നിരവധി കോണിൽ നിന്നാണ് ഇരു ടീമുകൾക്കും ആശംസകൾ അറിയിച്ചു കൊണ്ടുള്ള സന്ദേശം എത്തുന്നത്.
Content highlights: Made in Punjab hockey sticks get a sudden upswing in their trade after Olympics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..