കൊച്ചി: മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് നിരാശ. കേരളത്തിന്റെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്സിനെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൈവിട്ടു. സച്ചിന്‍ തന്റെ കൈവശമുള്ള ടീമിന്റെ ഓഹരികള്‍ വിറ്റു.

സച്ചിന്‍ ടീമിനെ കൈയൊഴിഞ്ഞ നിരാശയ്ക്കിടയിലും സച്ചിന്റെ ഓഹരികള്‍ എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുമെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ മലയാളി ആരാധകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്‌. സച്ചിന്റെ കൈവശമുള്ള ഓഹരികള്‍ വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സച്ചിന്‍ വ്യക്തമാക്കിയതായി ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 2014 ല്‍ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ബ്ലാസ്റ്റേഴ്സില്‍ സച്ചിന് ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയാ ആന്‍ഡ് എന്റെര്‍ടെയ്ന്‍മെന്റ് ഹൗസായ പ്രസാദ് ഗ്രൂപ്പിന്റെ കൈവശമാണ് നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ എണ്‍പതു ശതമാനം ഓഹരികളുള്ളത്. ബാക്കി 20 ശതമാനം ഓഹരിയാണ് സച്ചിന്റെ കൈവശമുണ്ടായിരുന്നത്. ഇതാണ് സച്ചിന്‍ കൈയൊഴിഞ്ഞത്.

2014 ല്‍ ഹൈദരബാദ് ആസ്ഥാനമായുള്ള ബിസിനസ്സുകാരന്‍ പ്രസാദ് പോട്‌ലൂരിയുമായി ചേര്‍ന്നാണ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സ് ടീം ഉണ്ടാക്കിയത്. തുടക്കത്തില്‍ 40 ശതമാനം ഓഹരിയാണ് സച്ചിനുണ്ടായിരുന്നത്. ഇടക്കാലത്ത് പോട്‌ലൂരി അദ്ദേഹത്തിന്റെ കൈവശമുള്ള ഓഹരി വിറ്റു.

നിമ്മഗഡ്ഡ പ്രസാദ്, നിര്‍മ്മാതാവ് അല്ലു അര്‍ജുന്‍, നടന്മാരായ നാഗാര്‍ജുന, ചിരഞ്ജീവി എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്‌. ആ ഘട്ടത്തില്‍ സച്ചിന്‍ തന്റെ കൈവശമുള്ള ഓഹരികളില്‍ പകുതി ഇവര്‍ക്ക്‌ കൈമാറി. ബാക്കി സച്ചിന്റെ കൈവശം ശേഷിച്ചിരുന്നത് 20 ശതമാനം ഓഹരിയാണ്. അതാണ് ഇപ്പോള്‍ വിറ്റത്‌.

content highlights: lulu group may take over sachin tendulkar's share in kerala blasters says reports