മൊണ്ടേവിഡിയോ: സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യുറഗ്വായ് താരം ലൂയിസ് സുവാരസിന് കോവിഡ്. തിങ്കളാഴ്ച യുറഗ്വായ് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചതാണ് ഇക്കാര്യം.

സുവാരസിന് പുറമെ യുറഗ്വായ് ഗോള്‍കീപ്പര്‍ റോഡ്രിഗോ മൗനോസ്, ഓഫീഷ്യല്‍ മത്യാസ് ഫറാല്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സുവാരസ് അടക്കം രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം ആരോഗ്യസ്ഥിതിയില്‍ കുഴപ്പമൊന്നുമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും യുറഗ്വായ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.

ഇതോടെ ചൊവ്വാഴ്ച ബ്രസീലിനെതിരേ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം സുവാരസിന് നഷ്ടമാകും. ശനിയാഴ്ച സ്പാനിഷ് ലീഗില്‍ തന്റെ മുന്‍ ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കെതിരെയും താരത്തിന് കളത്തിലിറങ്ങാന്‍ സാധിക്കില്ല. ദേശീയ ടീമിനും അത്‌ലറ്റിക്കോയ്ക്കും ഇത് കനത്ത തിരിച്ചടിയാകും.

Content Highlights: Luis Suarez tests positive for coronavirus before World Cup qualifier