തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ വനിതാ ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. കസവു മുണ്ടുടുത്ത് ക്ഷേത്രത്തിലെത്തിയ താരം ഇതിന്റെ ചിത്രം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

സെനറ്റ് ഹാളില്‍ നടക്കുന്ന കേരള സര്‍വകലാശാല സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് വിതരണച്ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് താരം തിരുവനന്തപുരത്ത് എത്തിയത്. 

വ്യാഴാഴ്ച വൈകുന്നേരം 6.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ കേരള യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.ജയരാജന്‍ ഡേവിഡിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അസം സ്വദേശിയായ താരത്തിനൊപ്പം പരിശീലക സന്ധ്യ ഗുരുംഗുമുണ്ട്‌. 

വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിലാണ് ലവ്‌ലിന ഒളിമ്പിക്‌സില്‍ വെങ്കലം നേടിയത്. സെമി ഫൈനലില്‍ തുര്‍ക്കിയുടെ ബുസനാസ് സര്‍മെനേലിയോട് ഇന്ത്യന്‍ താരം തോല്‍ക്കുകയായിരുന്നു.

Content Highlights: Lovlina Borgohain visits Sree Padmanabhaswamy Temple