ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ വംശീയ വേര്‍തിരിവിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലോണ്‍വാബോ സോട്‌സോബെ. വംശീയത കളിയിലെ ഒരു ഘടകമായിരുന്നുവെന്നും സോട്‌സോബെ കൂട്ടിച്ചേര്‍ത്തു. 

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് സമര്‍പ്പിച്ച 11 പേജുകളുള്ള പ്രസ്താവനയിലാണ് സോട്‌സോബെ ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. 

2009 മുതല്‍ 2014 വരെ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച താരമാണ് കറുത്ത വര്‍ഗക്കാരനായ സോട്‌സോബെ. ഒരു കാലത്ത് ഏകദിന ബൗളര്‍മാരുടെ റാങ്കില്‍ ഒന്നാം സ്ഥാനം കൈവശം വെച്ചിരുന്നത് സോട്‌സോബെയായിരുന്നു.

മത്സരം കാണാനെത്തിയ തന്റെ അമ്മയെ സ്റ്റേഡിയത്തിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ കയറാന്‍ അനുവദിക്കാതിരുന്ന സംഭവമാണ് സോട്‌സോബെ വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനായി തന്റെ മകന്‍ കളിക്കുന്നത് കാണാനെത്തിയതായിരുന്നു അവര്‍. ഒടുവില്‍ താന്‍ കളിക്കാനായി മൈതാനത്ത് ഇറങ്ങില്ലെന്ന് പറഞ്ഞ ശേഷമാണ് അമ്മയെ അവിടേക്ക് പ്രവേശിക്കാന്‍ അനുവദിച്ചതെന്നും സോട്‌സോബെ വ്യക്തമാക്കി. 

മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്ന സമയത്ത് യാത്രകളില്‍ സീനിയര്‍ താരങ്ങളുടെ ബാഗുകള്‍ ബസ് വരെ തനിക്ക് ചുമക്കേണ്ടി വന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് കറുത്ത വര്‍ഗക്കാരനായ താമി സോളെകിലെയുടെ ടീം പ്രവേശനം തടഞ്ഞതിനെ കുറിച്ചും സോട്‌സോബെ സമര്‍പ്പിച്ച പ്രസ്താവനയിലുണ്ട്. 

2012 ഇംഗ്ലണ്ട് പര്യടനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാര്‍ക്ക് ബൗച്ചര്‍ക്ക് പരിക്കേറ്റതോടെയാണ് താമി സോളെകിലെയ്ക്ക് ടീമിലെത്താനുള്ള വഴിയൊരുങ്ങിയത്. എന്നാല്‍ സോളെകിലെയെ ടീമിലെടുത്താല്‍ അപ്പോള്‍ തന്നെ താന്‍ വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായിരുന്ന സ്മിത്ത് ഭീഷണി മുഴക്കിയെന്നാണ് സോട്‌സോബെയുടെ ആരോപണം. പകരം അന്ന് വിക്കറ്റ് കീപ്പര്‍ സ്‌പെഷ്യലിസ്റ്റല്ലാത്ത എ ബി ഡിവില്ലിയേഴ്‌സിനെയാണ് ടീമിലെടുത്തതെന്നും സോട്‌സോബെ കൂട്ടിച്ചേര്‍ത്തു.

Content Highlights: Lonwabo Tsotsobe says he was subjected to as a black player during his time in the national team