Photo: instagram.com/idesigngold
പാരിസ്: ലോകകപ്പും അതിനു പിന്നാലെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി ലോകത്തിന്റെ നെറുകയിലാണ് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി.
ഖത്തര്‍ ലോകകപ്പ് വിജയം മെസ്സിയുടെ കരിയറിലെ മാത്രമല്ല ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായിരുന്നു. ഇപ്പോഴിതാ ഖത്തറില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസ്സി. ഇതിനായി സ്വര്‍ണത്തില്‍ പൊതിഞ്ഞ 35 ഐഫോണുകള്‍ മെസ്സി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്. ഇവ ശനിയാഴ്ച പാരിസില്‍ മെസ്സിയുടെ താമസ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് മെസ്സിക്ക് വേണ്ടി സ്വര്‍ണ ഐഫോണുകള്‍ ഡിസൈന്‍ ചെയ്തത്. ''മെസ്സി ഐ ഡിസൈന്‍ ഗോള്‍ഡിന്റെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കളില്‍ ഒരാളാണ്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെട്ടു. ഈ ചരിത്ര വിജയം ആഘോഷിക്കാന്‍ എല്ലാ കളിക്കാര്‍ക്കും സ്റ്റാഫിനും എന്തെങ്കിലും ഒരു പ്രത്യേക സമ്മാനം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. സാധാരണ ചെയ്യുന്നതു പോലെ വാച്ചുകള്‍ സമ്മാനമായി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. അതിനാല്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്ത സ്വര്‍ണ ഐഫോണുകള്‍ നല്‍കാമെന്ന് ഞാന്‍ നിര്‍ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന് ആ ആശയം ഇഷ്ടമായി.'' - ഐ ഡിസൈന്‍ ഗോള്‍ഡ് സിഇഒ ബെന്‍ ലയണ്‍സ് പറഞ്ഞു.
Content Highlights: Lionel Messi orders 35 gold iPhones for World Cup winning Argentina team
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..