ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ തുടരും. ക്ലബ്ബും താരവും പുതിയ കരാറിലെത്തിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. വേതനത്തില്‍ കുറവ് വരുത്തിയാണ് മെസ്സി ക്ലബ്ബില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. 

അഞ്ച് വര്‍ഷത്തേക്കാകും കരാര്‍. കഴിഞ്ഞ ജൂണ്‍ 30 ന് മെസ്സിയും ബാഴ്‌സയും തമ്മിലുള്ള കരാര്‍ അവസാനിച്ചിരുന്നു. മുമ്പത്തെ കരാര്‍ പ്രകാരം നാല് വര്‍ഷത്തേക്ക് 4400 കോടി രൂപയോളമായിരുന്നു. ബാഴ്‌സ പ്രസിഡന്റ് സ്ഥാനത്തേക്ക് യോഹാന്‍ ലാപോര്‍ട്ട എത്തിയത് മുതല്‍ മെസ്സിയെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പരിശീലകന്‍ റൊണാള്‍ഡ് കോമാനുമായി നല്ല ബന്ധമുള്ളതും ക്ലബ്ബില്‍ തുടരാന്‍ മെസ്സിയെ പ്രേരിപ്പിച്ചതായാണ് സൂചന.

വേതനത്തില്‍ കുറവ് വരുത്താതെ മെസ്സിക്ക് തുടരാന്‍ സാങ്കേതികമായി കഴിയുമായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ ബാഴ്‌സക്ക് ട്രാന്‍സ്ഫര്‍ വിപണിയില്‍ ചെലവഴിക്കാനുള്ള പരമാവധി തുക 3000 കോടിയോളമായി ലാലിഗ ചുരുക്കിയിരുന്നു. ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ പ്രകാരമാണിത്. നേരത്തെയിത് 5000 കോടിയോളം രൂപയായിരുന്നു.

Content Highlights: Lionel Messi, Barcelona, Contract extension of Messi with Barcelona