ലണ്ടന്‍: ഫോര്‍മുല വണ്‍ ഇതിഹാസം സ്റ്റിര്‍ലിങ് മോസ് (90) അന്തരിച്ചു. ഒരു തവണ പോലും ഫോര്‍മുല വണ്‍ ജേതാവാകാതെ കാറോട്ട മത്സരങ്ങളിലെ ഇതിഹാസമായി മാറിയ താരമാണ്.

ഞായറാഴ്ച ലണ്ടനിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.

1950-60 കാലത്ത് മെഴ്സിഡസിനുവേണ്ടി 16 ഗ്രാന്‍പ്രീകളില്‍ ചാമ്പ്യനായി. ഇത്രയും ഗ്രാന്‍പ്രീകള്‍ ജയിച്ചെങ്കിലും ഫോര്‍മുല വണ്‍ സീസണിലെ ചാമ്പ്യനാകാന്‍ കഴിഞ്ഞിട്ടില്ല. നാലു തവണ ലോകചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായിട്ടുണ്ട് മോസ്. പതിനാലു വര്‍ഷത്തിനിടെ മാറ്റുരച്ച 529 റേസുകളില്‍ 212ലും വിജയിച്ചിട്ടുണ്ട് മോസ്. മൂന്ന് തവണ ഓവറോള്‍ പോയിന്റില്‍ മൂന്നാം സ്ഥാനക്കാരനുമായി. ഇത്രയും ഗ്രാന്‍പ്രീകള്‍ ജയിച്ചിട്ടും ഒരിക്കല്‍പോലും ലോകചാമ്പ്യനാകാത്ത മറ്റൊരു താരവുമില്ല ഫോര്‍മുല വണ്ണിന്റെ ചരിത്രത്തില്‍.

അര്‍ജന്റീനയുടെ യുവാന്‍ മാനുവല്‍ ഫാങ്കിയോ അന്ന് മെഴ്സിഡസിലെ സഹതാരമായിരുന്നു. കാറോട്ടമത്സരത്തെ പലരും ഭീതിയോടെ കണ്ടിരുന്ന കാലത്താണ് മോസ് ഈ രംഗത്തേക്കുവന്നത്.

1962-ല്‍ അദ്ദേഹം കാറോട്ട മത്സരങ്ങളോട് വിടപറഞ്ഞു. 1961-ല്‍ ബി.ബി.സി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത് മോസിനെയായിരുന്നു.

Content Highlights: Legendary F1 driver Sir Stirling Moss dies aged 90