Photo: twitter.com
ചണ്ഡിഗഢ്: ഇന്ത്യയുടെ ഇതിഹാസ ബോക്‌സറും മുന്‍ ഒളിമ്പ്യനുമായിരുന്ന കൗര്‍ സിങ് അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ഹരിയാണ കുരുക്ഷേത്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
സംഗ്രൂരിലെ ഖനാല്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകനായ അദ്ദേഹം 1971-ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരുകയും രാജസ്ഥാനിലെ ബാര്‍ണര്‍ സെക്ടറില്‍ നിന്ന് ഇന്ത്യ - പാകിസ്താന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. യുദ്ധത്തിലെ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തെ സേനാ മെഡലും വിശിഷ്ട സേനാ മെഡലും നല്‍കി ആദരിച്ചു.
സൈനിക സേവനത്തിനിടെയാണ് ശ്രദ്ധ ബോക്‌സിങ്ങില്‍ പതിയുന്നത്. 1979-ല്‍ സീനിയര്‍ നാഷണല്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലൂടെ അരങ്ങേറ്റം. ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ തന്നെ സ്വര്‍ണമണിഞ്ഞ കൗര്‍ സിങ് പിന്നീട് 1983 വരെ തുടര്‍ച്ചയായി നാലു വര്‍ഷവും ജേതാവായി.
1980-ല്‍ മുംബൈയില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. പിന്നീട് 1982-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതോടെ അദ്ദേഹം ദേശീയ ഹീറോയായി. ഇതോടെ 1982-ല്‍ അര്‍ജുന അവാര്‍ഡും 1983-ല്‍ പത്മശ്രീയും ലഭിച്ചു. 1984-ല്‍ നടന്ന ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുമായി കൗര്‍ സിങ് മത്സരിച്ചിട്ടുണ്ട്. 1980-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന പ്രദര്‍ശന മത്സരത്തിലായിരുന്നു മുഹമ്മദ് അലി - കൗര്‍ സിങ് പോരാട്ടം. മുഹമ്മദ് അലിയെ നേരിട്ട ഏക ഇന്ത്യന്‍ ബോക്‌സറെന്ന നേട്ടവും കൗര്‍ സിങ്ങിന് സ്വന്തമാണ്.
1984-ല്‍ ബോക്‌സിങ് മതിയാക്കിയ അദ്ദേഹം 1994-ല്‍ സൈന്യത്തില്‍ നിന്നും വിരമിച്ചു. 2020 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൗര്‍ സിങ് തന്റെ പത്മശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയിരുന്നു.
Content Highlights: Legendary boxer Kaur Singh who once fought Muhammad Ali passes away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..